ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 35 പൈസയാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 87.30 രൂപയും മുംബൈയില്‍ പെട്രോളിന് 93.83 രൂപയുമാണ്. അതേസമയം ഡീസല്‍ നിരക്ക് ഡല്‍ഹിയില്‍ ലിറ്ററിന് 77.48 രൂപയായി വര്‍ധിച്ചു. മുംബൈയില്‍ 84.36 രൂപയാണ് ഡീസലിന്‍റെ വില. മുംബൈയിലെ എക്കാലത്തെയും ഉയര്‍ന്ന ഡീസല്‍ നിരക്കാണിത്. ഫെബ്രുവരി അഞ്ചിനാണ് ഇതിന് മുന്‍പ് ഇന്ധന വില വര്‍ധിച്ചത്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു - ന്യൂഡല്‍ഹി
ലിറ്ററിന് 35 പൈസയാണ് പെട്രോളിനും ഡീസലിനും വര്‍ധിച്ചത്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന നിരക്കില്‍ വീണ്ടും വര്‍ധനവ് ഉണ്ടായിരിക്കുന്നത്
ഈ വര്‍ഷം പെട്രോളിന് ലിറ്ററിന് 3.59 രൂപയാണ് ഇതുവരെ വര്‍ധിച്ചത്. ഡീസലിന് 3.61 രൂപയും വര്‍ധിച്ചു. സൗദിയില്‍ നിന്നുള്ള ഉല്‍പാദനം വെട്ടിക്കുറച്ചതും ആവശ്യകത വര്‍ധിച്ചതും മൂലം അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചു. ഇത് ഇന്ധന വില ഉയരാന്‍ കാരണമായതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് മേധാവി മുകേഷ് കുമാര്‍ സുരാന വ്യക്തമാക്കിയിരുന്നു. അന്താരാഷ്‌ട്ര വിപണിയല്‍ എണ്ണ വിലയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നികുതി നിരക്ക് വര്‍ധിപ്പിച്ചതോടെ 2020 മാര്‍ച്ച് മുതല്‍ പെട്രോളിന് വില 17.71 രൂപ വരെ വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് 15.19 രൂപയും ഉയര്‍ന്നു.