ഹൈദരാബാദ്: യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിയുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കാന്‍ സാധ്യത. അന്താരാഷ്ട്ര എണ്ണവില ആഭ്യന്തര എണ്ണവിലയേക്കാള്‍ ലിറ്ററിന് 9 രൂപ കൂടുതല്‍ ആണ്. 2014ന് ശേഷം ആദ്യമായി അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 110 അമേരിക്കന്‍ ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ്.
റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കുമെന്ന ഭയം
യുക്രൈനില്‍ റഷ്യയുടെ അധിനിവേശവും പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ഉപരോധവുമാണ് വിപണിയില്‍ ഇത്തരമൊരു ആശങ്കയ്ക്ക് കാരണം. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ വിലകളുടെ വേയിറ്റഡ് ശരാശരി (ഇതിനെ ഇന്ത്യന്‍ ബാസ്ക്കറ്റ് എന്നാണ് വിളിക്കുന്നത്) ഈ മാസം ഒന്നിന് ബാരലിന് 102 ഡോളര്‍ കടന്നെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്‍റെ പെട്രോളിയം ആസൂത്രണ വിശകലന സെല്‍ (പി പി എ സി) അറിയിച്ചു. ഇത് 2014 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നവിലയാണ്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് എണ്ണവില വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചത്. അന്ന് ഇന്ത്യന്‍ ബാസ്ക്കറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 81.5 യുഎസ് ഡോളറായിരുന്നു അവിടെ നിന്നാണ് നിലവില്‍ 102 യുഎസ് ഡോളറില്‍ കൂടുതലയാരിക്കുന്നത്. മാര്‍ച്ച് ഏഴിനാണ് ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്‍റെ അവസാനഘട്ടം. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
എണ്ണക്കമ്പനികൾ ഇപ്പോഴും നഷ്‌ടത്തിലെന്ന്...
പൊതുമേഖല എണ്ണകമ്പനികള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോഴും ഡീസല്‍ വില്‍ക്കുമ്പോഴും 5.7 രൂപയാണ് നഷ്ടം എന്നാണ് കണക്കുകൾ. എണ്ണകമ്പനികള്‍ക്ക് അവര്‍ സാധാരണ നിലയില്‍ എടുക്കുന്ന ലാഭം ലഭിക്കണമെങ്കില്‍ പെട്രോളിന്‍റേയും ഡീസലിന്‍റേയും വില ലിറ്ററിന് 9 രൂപ വര്‍ധിപ്പിക്കേണ്ടതുണ്ട്. എക്സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്തി ( ഒന്ന് മുതല്‍ മൂന്ന് രൂപവരെ ലിറ്ററിന്) പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് അഞ്ച് മുതല്‍ എട്ട് രൂപവരെ വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് പ്രമുഖ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ജെപി മോര്‍ഗന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകവിപണയിലെ എണ്ണ ഉല്‍പ്പാദനത്തിന്‍റെ പത്ത് ശതമാനം റഷ്യയുടേതാണ്. കൂടാതെ യൂറോപ്പിലെ പ്രകൃതി വാതക ഉപയോഗത്തിന്‍റെ മൂന്നില്‍ ഒന്നും റഷ്യന്‍ പ്രകൃതിവാതകമാണ്. അതില്‍ കൂടുതലും യുക്രൈന്‍ വഴിയുള്ള പൈപ്പുകളിലൂടെയാണ് യൂറോപ്പില്‍ എത്തുന്നത്. എന്നാല്‍ ഇന്ത്യ വളരെകുറച്ച് അസംസ്‌കൃത എണ്ണ മാത്രമെ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുള്ളൂ. 2021ല്‍ ശരാശരി 43,400 ബാരല്‍ അസംസ്കൃത എണ്ണയാണ് ഒരു ദിവസം റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതിചെയ്തത് (ഇത് ആകെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമാണ്). അതുകൊണ്ട് തന്നെ വിതരണത്തെ കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയില്ല.
എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്നത്. അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത കല്‍ക്കരി 1.8 ദശലക്ഷം ടണ്ണാണ്. ഇത് ആകെ കല്‍ക്കരി ഇറക്കുമതിയുടെ 1.3 ശതമാനമാണ്. കൂടാതെ ഇന്ത്യ 2.5ദശലക്ഷം ടണ്‍ എല്‍എന്‍ജിയും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. കഴിഞ്ഞ 118 ദിവസമായി പൊതുമേഖല എണ്ണ കമ്പനികള്‍ ഡീസല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.
ALSO READ:യുക്രൈന് ലോകബാങ്കിന്‍റെ സഹായം ; 3 ബില്യണ്‍ ഡോളറിന്‍റെ അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു