ഹൈദരാബാദ്:പണമിടപാടുകൾക്ക് ഏറെ സംഭാവന നൽകിയ ആപ് ആണ് ഗൂഗിൾ പേ (Google Pay). ഇപ്പോഴിതാ ഗൂഗിൾ പേ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനിമുതൽ എളുപ്പത്തിൽ വായ്‌പ ലഭിക്കാനുള്ള സൗകര്യവും ഗൂഗിൾ പേയിൽ ലഭ്യമാകും (Personal Loan on Google Pay). വായ്‌പയ്‌ക്കായി ബാങ്കിൽ പോകാതെ ഇടപാടുകാരുടെ സമയം ലാഭിക്കാനാണ് ഈ സൗകര്യം ഒരുക്കുന്നതെന്നാണ് വെളിപ്പെടുത്തൽ.
ഗൂഗിൾ പേയിൽ വ്യക്തിഗത ലോണിന് എങ്ങനെ അപേക്ഷിക്കാം?
- ആദ്യം, നിങ്ങളുടെ ഗൂഗിൾ പേ സ്‌ക്രീനിലെ മണി ടാബിൽ (money tab) ക്ലിക്ക് ചെയ്യുക.
- ശേഷം ലോൺസ് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- പിന്നാലെ ആപ്പിന്‍റെ ലോൺ ഓഫറുകളുടെ വിഭാഗം വ്യക്തമാക്കുന്ന പേജ് ലഭിക്കും
- പ്രീ-അപ്രൂവർ ലോൺ ഓഫറുകൾ ഇതിന് കീഴിലാണ് വരിക.
- ഓഫറുകൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്ന് കരുതുന്നുവെങ്കിൽ ഇഎംഐ (EMI) ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
- ശരിയായ വിശദാംശങ്ങളും ആവശ്യമായ വിവരങ്ങളും ഇഎംഐയിൽ കൃത്യമായി പൂരിപ്പിക്കുക.
- സബ്‌മിറ്റ് ചെയ്‌ത ശേഷം ഒടിപി ലഭിക്കും (OTP).
- തന്നിരിക്കുന്ന കോളത്തിൽ ഒടിപി നൽകുക.
- തുടർന്ന് ബാങ്ക് നിങ്ങളുടെ അപേക്ഷ പരിശോധിക്കുന്നതിനായി കാത്തിരിക്കുക.
- ബാങ്ക് അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ ലോൺ ടാബ് പരിശോധിക്കുക. ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യുന്നതിന് മുമ്പ്, പ്രോസസിങ് ഫീസും ലോൺ സ്റ്റാമ്പ് ഡ്യൂട്ടികളും ഒഴിവാക്കുന്നതാണ്.
- തുടർന്ന് പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യും.
ലോൺ തിരിച്ചടവ് എങ്ങനെ?
ഗൂഗിൾ പേ വഴി ലോൺ എടുത്തതിന് ശേഷം അത് എങ്ങനെ തിരിച്ചടയ്‌ക്കാം എന്നതിനെ കുറിച്ച് പലവിധ സംശയങ്ങളും ഉണ്ടായേക്കാം. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാം.
- ഗൂഗിൾ പേയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് വായ്‌പ തിരിച്ചടക്കുന്നത്. ബാങ്ക് നിയമങ്ങൾ അനുസരിച്ച്, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഇഎംഐ തുക ഡെബിറ്റ് ചെയ്യേണ്ട തിയതിയും ഇവിടെ ലഭ്യമാകും. എല്ലാ മാസവും ഒരു നിശ്ചിത തിയതിയിൽ ഇഎംഐ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും.
- അതേസമയം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഇഎംഐക്ക് ആവശ്യമായ പണം ഇല്ലാത്തപക്ഷം പിഴ ഈടാക്കും. മാത്രമല്ല, ക്രെഡിറ്റ് സ്‌കോർ കുറയുകയും കടം വാങ്ങുന്നതിന് തടസം നേരിടുകയും ചെയ്യും.