ഹൈദരാബാദ്: പ്രമുഖ രാഷ്‌ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ. ചോര്‍ന്ന വിവരങ്ങള്‍ ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.
വാക്‌സിൻ എടുത്ത എല്ലാ ഇന്ത്യക്കാരുടെയും മൊബൈൽ നമ്പറുകൾ, ആധാർ നമ്പറുകൾ, വോട്ടർ ഐഡി, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നതും അവ ഓണ്‍ലൈനില്‍ ലഭ്യമാകുന്നതും മോദി സർക്കാര്‍ വലിയ ഡാറ്റാ ലംഘനം നടത്തിയെന്നതിന്‍റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതില്‍ നിരവധി വിഐപികളും ഇരകളായിട്ടുണ്ട് എന്നും സാകേത് ഗോഖലെ അവകാശപ്പെട്ടു.
രാജ്യസഭ എംപിയും ടിഎംസി നേതാവുമായ ഡെറക് ഒബ്രിയൻ, മുൻ കേന്ദ്രമന്ത്രി പി ചിദംബരം, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ സി വേണുഗോപാൽ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിബൻഷ് നാരായൺ സിങ്, രാജ്യസഭ എംപിമാരായ സുസ്‌മിത ദേവ്, അഭിഷേക് മനു സിംഗ്വി, സഞ്ജയ് റാവത്ത് എന്നിവര്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഇരകളായ വിഐപികളാണ് എന്നും സാകേത് പറഞ്ഞു. കൂടാതെ, ഇന്ത്യ ടുഡേയിലെ രാജ്‌ദീപ് സർദേശായി, മോജോ സ്റ്റോറിയിലെ ബർഖ ദത്ത്, ന്യൂസ് മിനിറ്റിലെ ധന്യ രാജേന്ദ്രൻ, ടൈംസ് നൗവിലെ രാഹുൽ ശിവശങ്കർ എന്നിവരുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരുടെ വിവരങ്ങളും ചോർന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.