അയോധ്യ:ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങിന്‍റെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാറാലിക്ക് അനുമതി നിഷേധിച്ച് അയോധ്യ ജില്ല ഭരണകൂടം. ജൂൺ അഞ്ചിന് അയോധ്യയിലാണ് പരിപാടി സംഘടിപ്പിക്കാനിരുന്നത്. വനിത ഗുസ്‌തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആര്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അയോധ്യ ജില്ല ഭരണകൂടത്തിന്‍റെ നടപടി.
ജില്ല ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഒളിമ്പ്യൻമാരായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങള്‍ ബ്രിജ് ഭൂഷൺ ശരണ്‍ സിങിനെതിരായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ ഏറെ നാളായി നടത്തിവന്ന സമരത്തിനൊടുവില്‍ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കാന്‍ താരങ്ങള്‍ ശ്രമിച്ചതും തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ പിന്തിരിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.
'വൈകാരിക നാടക'മെന്ന് അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍:ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ നേരത്തേ തീരുമാനിച്ച പരിപാടികൾ കണക്കിലെടുത്താണ് ചടങ്ങിന് അനുമതി നിഷേധിച്ചതെന്നാണ് അധികൃതരുടെ വാദം. ബ്രിജ് ഭൂഷണുവേണ്ടി ബിജെപി കൗൺസിലർ ചമേല ദേവിയാണ് അനുമതി ചോദിച്ചിരുന്നത്. പരിപാടിക്ക് അനുമതിയില്ലെന്ന് അയോധ്യ സർക്കിൾ ഓഫിസർ എസ്‌പി ഗൗതം വ്യക്തമാക്കി. അതേസമയം, തനിക്കെതിരായ ഗുസ്‌തി താരങ്ങളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ 'രാം കഥ' പാർക്കിലെ 'ജൻ ചേത്‌ന മഹാറാലി' കുറച്ച് ദിവസത്തേക്ക് മാറ്റിവച്ചതായി ബ്രിജ് ഭൂഷണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നുള്ള എംപിയായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്, തനിക്കെതിരായ ആരോപണം തെളിയിക്കപ്പെട്ടാൽ തൂങ്ങിമരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തെ 'വൈകാരിക നാടകം' എന്നുപറഞ്ഞ് ബ്രിജ് ഭൂഷണ്‍ അധിക്ഷേപിക്കുകയുമുണ്ടായി. ഡല്‍ഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയിരുന്ന ഗുസ്‌തി താരങ്ങളെ ഞായറാഴ്‌ച പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് വിട്ടയക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന്, ഗംഗയില്‍ മെഡലുകള്‍ മുക്കുമെന്ന താരങ്ങളുടെ പ്രതിഷേധത്തില്‍ കർഷക നേതാവ് നരേഷ് ടികായത്താണ് ഇടപെട്ടത്. തുടര്‍ന്നാണ് മെഡലുകള്‍ ഒഴുക്കുന്നതില്‍ നിന്നും താരങ്ങല്‍ വിട്ടുനിന്നത്.
ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആർ പുറത്ത്:റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ എഫ്‌ഐആറിലെ സുപ്രധാന വിവരങ്ങൾ ഇന്നാണ് പുറത്തുവന്നത്. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തത്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് ഗുരുതര കുറ്റങ്ങൾ ചുമത്തിയ എഫ്‌ഐആറിന്‍റെ വിവരങ്ങൾ പുറത്തായത്.
10 പീഡന പരാതികളും രണ്ട് എഫ്‌ഐആറുകളുമാണ് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തത്. ബ്രിജ് ഭൂഷൺ ശരൺ സിങ് താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടു, ശ്വാസ പരിശോധന എന്ന പേരിൽ വനിത താരങ്ങളുടെ നെഞ്ചിൽ കൈവച്ചു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നതടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
READ MORE |'താരങ്ങളുടെ നെഞ്ചിൽ കൈവച്ചു, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി'; ബ്രിജ് ഭൂഷണെതിരായ എഫ്‌ഐആർ പുറത്ത്