ഭോപ്പാൽ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിരോധമാര്‍ഗമെന്ന് അവകാശപ്പെട്ട് വിചിത്രവാദം അവതരിപ്പിച്ച് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂര്‍. കൊവിഡിന്‍റെ മൂന്നാം തരംഗത്തെ ഇല്ലാതാക്കണമെങ്കിൽ നാല് ദിവസം തുടർച്ചയായി യജ്ഞ ചികിത്സ എന്ന ആചാരപരമായ അഗ്നി അനുഷ്ഠാനം നടത്തിയാല്‍ മതിയെന്നായിരുന്നു വാദം. കൊവിഡിനെ കീഴടക്കാൻ ആരോഗ്യപ്രവർത്തകരടക്കമുള്ള മുൻനിര പോരാളികള്‍ കഠിന പരിശ്രമം നടത്തിവരുന്നതിനിടെയാണ് അശാസ്ത്രീയവാദവുമായി ബിജെപി മന്ത്രി രംഗത്തെത്തിയത്.
കൊവിഡ് മൂന്നാം തരംഗം ഇല്ലാതാക്കാന്‍ യജ്ഞ ചികിത്സ നടത്തിയാല്‍ മതിയെന്ന് ബിജെപി മന്ത്രി
നാല് ദിവസം തുടർച്ചയായി യജ്ഞ ചികിത്സ എന്ന ആചാരപരമായ അഗ്നി അനുഷ്ഠാനം നടത്തിയാൽ കൊവിഡിന്‍റെ മൂന്നാം തരംഗം ഇന്ത്യയിൽ ഉണ്ടാവില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍.
മുൻകാലങ്ങളിൽ പൂർവികർ മഹാമാരികളിൽ നിന്ന് മുക്തി നേടാൻ യജ്ഞ ചികിത്സ നടത്താറുണ്ടായിരുന്നു. അത് ചെയ്താൽ കൊവിഡിന്‍റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുകപോലുമില്ല. - ഇങ്ങനെയായിരുന്നു ഉഷയുടെ വാക്കുകള്‍. ഇൻഡോറിൽ കൊവിഡ് കെയർ സെന്‍റർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം.
കൊവിഡിനെ നിയന്ത്രിക്കാനെന്ന പേരില്‍ താക്കൂർ നേരത്തെ ഇൻഡോർ വിമാനത്താവളത്തിലെ പ്രതിമയ്ക്ക് മുന്നിൽ ചില ആചാരക്രിയകള്‍ നടത്തിയിരുന്നു. അതിനുപുറമെ സമീപകാലത്ത് കൊവിഡ് കെയർ സെന്‍റർ സന്ദർശിക്കുമ്പോൾ മാസ്ക് ധരിക്കാതെയും മന്ത്രി വിവാദത്തില്‍പ്പെട്ടിരുന്നു.