പാലംപൂർ:14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ഹിമാചല്‍ പ്രദേശിലെ മണൽ ഖനന മേഖലയിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തി. സൈനികരും എൻഡിആർഎഫും അഗ്നിശമന സേനാംഗങ്ങളും പ്രാദേശിക മുങ്ങൽ വിദഗ്‌ധരും ചേർന്നാണ് കാൻഗ്ര ജില്ലയിലെ പാലംപൂർ മേഖലയിലെ ന്യൂഗൽ മണൽ ഖനന മേഖലയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. മണല്‍ വാരുന്നതിനായി വ്യാഴാഴ്‌ച ന്യൂഗൽ മേഖലയില്‍ എത്തിയതായിരുന്നു ഇവര്‍.
14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം, ഹിമാചല്‍ പ്രദേശിലെ മണൽ ഖനന മേഖലയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി - ന്യൂഗൽ മണൽ ഖനന മേഖല
കാൻഗ്ര ജില്ലയിലെ പാലംപൂർ മേഖലയിലെ ന്യൂഗൽ മണൽ ഖനന മേഖലയിൽ കുടുങ്ങിയ 8 പേരെയാണ് 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷപ്പെടുത്തിയത്. മണല്‍ വാരാനായി വ്യാഴാഴ്‌ച ന്യൂഗൽ മണൽ ഖനന മേഖലയില്‍ എത്തിയ സംഘമാണ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ഒറ്റപ്പെട്ടു പോയത്
നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നതിനാല്‍ ഇവര്‍ക്ക് മടങ്ങി പോരാന്‍ സാധിച്ചില്ല. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ മണല്‍ വാരാനെത്തിയ സംഘം ഖനനമേഖലയിലെ ഉയരം കൂടിയ ഭാഗത്ത് അഭയം തേടി. വിവരമറിഞ്ഞ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും എൻഡിആർഎഫും അഗ്നിശമന സേനാംഗങ്ങളും കരസേനാ ഉദ്യോഗസ്ഥരും ആലമ്പൂരിൽ നിന്നുള്ള പ്രാദേശിക മുങ്ങൽ വിദഗ്‌ധരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
സൈനികരും മറ്റു രക്ഷാപ്രവര്‍ത്തകരും സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം ഇവര്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അവസ്ഥയില്‍ കഴിയുകയായിരുന്നു.