ചെന്നൈ: തമിഴ്‌നാട്ടിൽ മാറ്റം ആഗ്രഹിക്കുന്നവർ മതേതര, ജനാധിപത്യ സർക്കാരിന് വോട്ട് ചെയ്യുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുകയും ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌ത ബിജെപിയെയും കേന്ദ്രത്തിൻ്റെ പാവയായ എഐഎഡിഎംകെയെയും മാറ്റാൻ തമിഴ്‌നാട്ടിലെ വോട്ടർമാർ ഇതിനകം തീരുമാനിച്ചതായും ഡി രാജ പറഞ്ഞു.
തമിഴ്‌നാട്ടിൽ മാറ്റം ആഗ്രഹിക്കുന്നവർ ജനാധിപത്യ സർക്കാരിന് വോട്ട് ചെയ്യുമെന്ന് ഡി രാജ - സിപിഐ ജനറൽ സെക്രട്ടറി ഡി രാജ
സംസ്ഥാനത്തിൻ്റെ അവകാശങ്ങൾ കവർന്നെടുക്കുകയും ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്‌ത ബിജെപിയെയും കേന്ദ്രത്തിൻ്റെ പാവയായ എഐഎഡിഎംകെയെയും മാറ്റാൻ തമിഴ്‌നാട്ടിലെ വോട്ടർമാർ ഇതിനകം തീരുമാനിച്ചതായി ഡി രാജ.

മതേതര ജനാധിപത്യ സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ബിജെപിയെ പതനത്തിലേക്ക് നയിക്കും. അതിലൂടെ രാജ്യത്തിൻ്റെ ഭാവി ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ വളച്ചൊടിച്ച് രാജ്യത്തിൻ്റെ മതേതര, ക്ഷേമ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ പൂർണമായും നശിപ്പിച്ചു. ഭാഷയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ആർഎസ്‌എസിൻ്റെ പ്രത്യയശാസ്‌ത്രം നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മാന്ദ്യത്തിലാണ്. എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവൽക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ അദാനി, അംബാനി എന്നിവർക്ക് കൈമാറാനുമുള്ള പദ്ധതിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. പ്രതിഷേധിക്കുന്നവർക്കെതിരെ യുഎപിഎയുടെ കീഴിൽ കേസുകൾ രജിസ്റ്റർ ചെയ്‌ത് രാജ്യദ്രോഹികളാക്കുന്നു. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലൂടെ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അനുകൂല വിപണി സൃഷ്‌ടിക്കുകയാണെന്നും ഡി രാജ ആരോപിച്ചു.