ന്യൂഡല്‍ഹി: യുകെയില്‍ പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുകയും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായും ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിന്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും ഒരു ശതമാനത്തില്‍ താഴെയാണ് കൊവിഡ് വ്യാപന നിരക്കെന്നും ജെയിന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു. നടപടി പുതിയ കൊറോണ വൈറസ് രാജ്യത്തേക്ക് പകരുന്നത് തടയുമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ തോറുമുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും യുകെയില്‍ നിന്നും വന്നവരെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് വകഭേദം; ഡല്‍ഹിയില്‍ സാഹചര്യം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍ - new corona virus uk
യാത്രക്കാരെ വിമാനത്താവളത്തില്‍ വെച്ച് പരിശോധിക്കും. പോസിറ്റീവാകുന്നവര്‍ക്ക് എല്‍എല്‍ജെപി ആശുപത്രിയില്‍ നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. യുകെയില്‍ നിന്ന് വരുന്നവർക്ക് സ്വയം നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ ആയിരത്തില്‍ താഴെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കാണിത്. കൊവിഡ് വ്യാപനം നിയന്ത്രവിധേയമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജയിന്‍ പറഞ്ഞു. അതേസമയം ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവ്യാപക ശേഷിയുള്ളതാണെന്നും ഇന്ത്യയിൽ പ്രചാരത്തിലുള്ള വൈറസിന് ഇതിനോടകം തന്നെ പരിവര്‍ത്തനം സംഭവിച്ചിട്ടണ്ടാകുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് സമയബന്ധിതമായി പരിവര്‍ത്തനം സംഭവിക്കുന്നുണ്ട്. മാസ്‌ക് ധരിക്കുക, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ ഏക മാര്‍ഗമെന്നും ജെയിന്‍ പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാന്‍ ഡല്‍ഹി സജ്ജമാണെന്നും ഇതിനായി പുതിയ സ്റ്റോറേജ് സ്‌പേയ്‌സുകളും പ്രത്യേക പരിശീലനം നേടിയ സ്റ്റാഫുകളും തയ്യാറാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും 50 വയസിന് മുകളിലുള്ളവര്‍ക്കും രോഗബാധിതര്‍ക്കുമാണ് ആദ്യം വാക്‌സിന്‍ കുത്തിവെപ്പെടുക്കുക. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തുന്ന പരിശോധനയില്‍ പോസിറ്റീവാകുന്നവരെ നിരീക്ഷണത്തിലാക്കാന്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുകെയില്‍ നിന്നും ഡല്‍ഹിയിലെത്തിയ ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ആഴ്‌ചക്കിടെ 6,000-7,000 യാത്രക്കാരാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.