ന്യൂഡൽഹി: പ്രചരണ പരിപാടിക്കിടെ മമത ബാനർജിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി. മമതയുടെ പാർട്ടിയിൽ ഉള്ളവർക്കും ഈ നാടകം വളരെ വ്യക്തമായി അറിയാമെന്നും കിഷൻ റെഡ്ഡി ആരോപിച്ചു. മമതക്ക് നേരെയുണ്ടായ ആക്രമണത്തിൽ തെളിവുകളുടെ അഭാവത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും പറഞ്ഞിരുന്നു.
മമത ബാനർജിക്ക് നേരെയുണ്ടായ ആക്രമണം നാടകമെന്ന് ജി.കിഷൻ റെഡ്ഡി - നന്ദീഗ്രാം
നന്ദിഗ്രാമിലെ പ്രചാരണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് മമതയ്ക്ക് പരിക്കേറ്റത്
ഇതേ സംശയങ്ങളാണ് പൊതുജനത്തിന് ഉള്ളതെന്നും പൊതുജനങ്ങളും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പശ്ചിമ ബംഗാൾ പൊലീസും ആക്രമണം നാടകമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നന്ദിഗ്രാമിലെ പ്രചാരണ പരിപാടിക്കിടെയുണ്ടായ ആക്രമണത്തിലാണ് മമതക്ക് പരിക്കേറ്റത്. കണങ്കാലിന് ഗുരുതര പരിക്കേറ്റ നിലയിൽ മമതയെ കൊൽക്കത്ത എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 12നാണ് മമത ആശുപത്രി വിട്ടത്.
അതേസമയം പശ്ചിമബംഗാളിൽ എട്ട് ഘട്ടങ്ങളായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മാർച്ച് 27 മുതൽ തുടക്കമാകും. പശ്ചിമ ബംഗാളിലെ പതിനാറാമത് നിയമസഭയുടെ കാലാവധി ഈ വർഷം മെയ് മുപ്പതിന് അവസാനിക്കും. പശ്ചിമ ബംഗാളിലെ 17-ാമത് നിയമസഭയിലേക്ക് 7,34,07,832 പേരാണ് വോട്ട് രേഖപ്പെടുത്തുക.