ന്യൂഡൽഹി : ആധാർ കാർഡ് ലഭിക്കാൻ വിരലടയാളം നിർബന്ധമല്ലാതാക്കി കേന്ദ്രസർക്കാർ (People Eligible For Aadhaar Can Enrol Using Iris Scan If Fingerprint Unavailable). അർഹരായവർക്ക് വിരലടയാളം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കണ്ണിന്‍റെ കൃഷ്‌ണമണി (ഐറിസ്) സ്‌കാൻ ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി കേന്ദ്രം ആധാർ മാര്‍ഗനിര്‍ദേശങ്ങളിൽ മാറ്റം വരുത്തി.
വിരലുകൾ ഇല്ലാത്തതിനാൽ ആധാർ നിഷേധിക്കപ്പെട്ട കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്പിൽ ജോസിമോൾ പി ജോസ് (Josymol P Jose) എന്ന യുവതിയുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. വിഷയത്തിൽ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar) അടിയന്തര ഇടപെടൽ നടത്തി. തുടർന്ന് ജോസിമോൾക്ക് പെട്ടെന്ന് ആധാർ കാർഡ് ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ അന്നുതന്നെ ആധാർ അനുവദിക്കുന്ന യുഐഡിഎഐ (UIDAI) സംഘം ജോസിയുടെ വീട്ടിലെത്തി എൻറോൾ ചെയ്‌തു.