ന്യൂഡൽഹി:പെഗാസസ് അന്വേഷണത്തിൽ ഫോൺ ചോർത്തലിന് വിധേയരായവരോട് വിവരങ്ങൾ ആരാഞ്ഞ് സുപ്രീം കോടതി. ഫോണിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന് സംശയമുള്ളവർ ഇത് സംബന്ധിക്കുന്ന വിവരങ്ങൾ ജനുവരി ഏഴിന് മുന്നോടിയായി വിദഗ്‌ധ സമിതിക്ക് മുന്നിൽ സമർപ്പിക്കണമെന്ന് അന്വേഷണ സമിതി നിർദേശിച്ചു. inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ നൽകേണ്ടത്.
ഒക്‌ടോബർ ഏഴിനാണ് റിട്ടയേർഡ് ജസ്റ്റിസ് ആർ.വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിനായി സുപ്രീം കോടതി നിയോഗിക്കുന്നത്. ഫോണിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന് സംശയമുള്ളവർ മൊബൈൽ ഫോണുകൾ പരിശോധനക്കായി നൽകണമെന്നും പരിശോധനക്ക് ശേഷം ഫോണുകൾ തിരികെ ഏൽപ്പിക്കുമെന്നും സമിതി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.
ഇസ്രയേൽ ചാരസോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയ സംഭവം ആഗോള തലത്തിൽ തന്നെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ഇന്ത്യയിൽ 142 പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് 'ദി വയർ' റിപ്പോർട്ട് ചെയ്‌തത്. രാഹുൽ ഗാന്ധി, പ്രശാന്ത് കിഷോർ, കേന്ദ്രമന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ, സുപ്രീം കോടതി രജിസ്റ്റാർ, മുൻ ജഡ്‌ജി ഉൾപ്പടെ നാൽപത് മാധ്യമപ്രവർത്തകരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടാണ് ദി വയർ പുറത്തുവിട്ടത്.
മുന്‍ റോ മേധാവി അലോക് ജോഷി, ഡോ. സുന്ദീപ് ഒബ്‌റോയ്, ഡോ. നവീന്‍ ചൗധരി(സൈബര്‍ വിദഗ്‌ധന്‍) , ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ (ഐഐടി മുംബൈ), ഡോ. പി. പ്രഭാകരന്‍ (അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് കൊല്ലം) എന്നിവരാണ് വിദഗ്‌ധ സമിതിയിലെ മറ്റ് അംഗങ്ങള്‍.
READ MORE:പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാൻ പ്രത്യേക സമിതി