ന്യൂഡൽഹി :പെഗാസസ് ഫോൺ ചോർത്തലിന് വിധേയരായവരിൽ നിന്ന് സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതി വിവരങ്ങൾ തേടിയിരുന്നെങ്കിലും രണ്ട് പേർ മാത്രം തങ്ങളുടെ ഫോണുകൾ സമിതിക്ക് മുന്നിൽ ഹാജരാക്കിയ പശ്ചാത്തലത്തിൽ കൂടുതൽ ബാധിതർക്ക് മുന്നോട്ട് വരുന്നതിനുള്ള സമയപരിധി ഫെബ്രുവരി എട്ട് വരെ നീട്ടി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പുതിയ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
2017ൽ ഇസ്രയേലുമായുള്ള രണ്ട് ബില്യൺ യുഎസ് ഡോളർ പ്രതിരോധ കരാറിന്‍റെ ഭാഗമായാണ് ഇന്ത്യ പെഗാസസ് സ്‌പൈവെയർ വാങ്ങിയതെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് വലിയ വിവാദത്തിന് കാരണമായിരുന്നു. പിന്നാലെ, കേന്ദ്രം നടത്തിയ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമായ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തുവന്നു.