ന്യൂഡല്‍ഹി: ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസിന്‍റെ ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. രാജ്യത്തിന്‍റെ സുരക്ഷ ഭീഷണിയിലാണെന്ന് അധിർ രഞ്ജൻ ചൗധരി ആശങ്ക പ്രകടിപ്പിച്ചു. വിഷയം പാര്‍ലമെന്‍റില്‍ ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പായി അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പെഗാസസ് ചോര്‍ച്ചയുടെ വ്യാപ്‌തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ രാജ്യസഭ എംപി ബിനോയ് വിശ്വം ഉത്തരവ് 267 പ്രകാരം പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആം ആദ്‌മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിങും നോട്ടീസ് നല്‍കിയിട്ടുണ്ട്.