ന്യൂഡല്‍ഹി: മാധ്യമ വാർത്തകൾ ശരിയെങ്കില്‍ പെഗാസസ് ഫോൺ ചോർത്തല്‍ ആരോപണം ഗുരുതരമെന്ന് സുപ്രീംകോടതി. പെഗാസസ് ഫോൺ ചോർത്തല്‍ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ ആഗസ്റ്റ് 10ന് വീണ്ടും വാദം കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് എഡിറ്റേഴ്‌സ് ഗില്‍ഡ്, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശി കുമാർ, പ്രൊഫ ജഗദീപ് ചോക്കർ അടക്കമുള്ളവർ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിച്ചത്.
തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി സർക്കാരിന്‍റെ മാത്രം നിയന്ത്രണത്തിലുള്ള ഇന്‍റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന എൻഎസ്‌ഒ ചാര സോഫ്റ്റ്‌വെയർ വ്യാപകമായി പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതായാണ് പരാതിക്കാർ ആരോപിക്കുന്നത്. പൗരൻമാരുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങൾ, ചിത്രങ്ങൾ, വാട്‌സ്‌ആപ്പ്, സന്ദേശങ്ങൾ, എന്നിവ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ചതായി പരാതിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.
also read:പെഗാസസില്‍ പ്രത്യേക അന്വേഷണം, കേസ് സുപ്രീംകോടതി ചൊവ്വാഴ്‌ച പരിഗണിക്കും
പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നതായി കേന്ദ്ര സർക്കാർ ലോക്‌സഭയില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ അതിന് എതിരെ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും പരാതിക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഫോൺ ചോർത്തല്‍ നടന്നതായി നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതിനെ കുറിച്ച് ഇനിയും അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.