ന്യൂഡൽഹി : പെഗാസസ് സ്പൈവെയർ വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷം രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നുണകൾ പറയുകയും തെറ്റായ വിവരണത്തിലൂടെ ആശയക്കുഴപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്ന ശീലമുണ്ടെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു. രാഹുലും കോണ്‍ഗ്രസും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാന്‍ ശ്രമിക്കുകയാണെന്നും പത്ര അഭിപ്രായപ്പെട്ടു.
ALSO READ :ഖേൽ രത്ന : ശ്രീജേഷ് ഉൾപ്പടെ 11 താരങ്ങളെ ശുപാർശ ചെയ്‌ത് കേന്ദ്ര കായിക മന്ത്രാലയം
പെഗാസസ് സ്‌പൈവെയർ കേസിന്‍റെ അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതി വിധിയെ പറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ അഭിപ്രായപ്രകടനം ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. നുണ പറയലും ആശയക്കുഴപ്പം പരത്തലും രാഹുൽ ഗാന്ധിയുടെ ശീലമാണ്. ഇന്ന് സുപ്രീം കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധി വീണ്ടും അതേ കാര്യം ആവര്‍ത്തിച്ചെന്നും രാഹുൽ ഗാന്ധിയും കോൺഗ്രസും ഈ വിഷയത്തിൽ കോടതിയിൽ പോയിട്ടില്ലെന്നും പത്ര പറഞ്ഞു.
പെഗാസസ് സോഫ്‌റ്റ്‌വെയർ നിരീക്ഷണത്തിന് ഉപയോഗിച്ചു എന്നാരോപിച്ചുള്ള അന്വേഷണത്തിന് വിദഗ്‌ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന് അനുസൃതമാണെന്ന് ബിജെപി വക്താവ് പറഞ്ഞു. റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധി മുമ്പ് കോടതികളെ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജനാധിപത്യ മൂല്യങ്ങളിൽ പൂർണമായി വിശ്വസിക്കുന്നുവെന്നും പത്ര പറഞ്ഞു.