ഹൈദരാബാദ്: കുട്ടിക്കാലം മുതൽ കുച്ചിപ്പുടി കലാരൂപത്തോടുള്ള താൽപര്യം മൂലം മാതാപിതാക്കളുടെ എതിർപ്പ് മറികടന്നും നൃത്തം ജീവിതത്തിന്‍റെ ഭാഗമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കോ പരിശീലനത്തിനിടെ കാലിൽ ഉണ്ടാകുന്ന പരിക്കുകൾക്കോ ഒന്നും കലയോടുള്ള അവളുടെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 9,999 ആണിമുനകൾക്ക് മുകളിൽ നഗ്നപാദയായി നൃത്തം ചെയ്ത് 10 ലോക റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് വിശാഖപട്ടണം സ്വദേശിയായ പീസപട്ടി ലിഖിത.
നൃത്തം ലഹരിയാക്കിയ ലിഖിത :കുട്ടിക്കാലം മുതൽ നൃത്തത്തോട് അഭിനിവേശമുള്ള ലിഖിത, ദുർഗാദേവിയെ സ്തുതിക്കുന്ന 9 കാവ്യങ്ങൾക്ക് 9 മിനിറ്റോളം നേരം താളാത്മകമായി കുച്ചിപ്പുടി നൃത്തം അവതരിപ്പിച്ചാണ് റെക്കോഡ് നേട്ടത്തിലേക്കെത്തിയത്, അതും മൂർച്ചയുള്ള ആണികൾക്ക് മുകളിൽ നിന്നുകൊണ്ടുള്ള അവതരണം.
ഹൈദരാബാദിലെ പോറ്റി ശ്രീരാമുലു തെലുഗു സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലാണ് ലിഖിത തന്‍റെ പ്രകടനത്തിലൂടെ ഏവരെയും വിസ്‌മയിപ്പിച്ചത്. അക്ഷീണം താൻ നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് ലിഖിത പറയുന്നു.
9,999 ആണിമുനകളില്‍ നഗ്നപാദയായി നൃത്തം, നേടിയത് 10 ലോക റെക്കോഡുകൾ ; വിസ്‌മയിപ്പിച്ച് ലിഖിത പ്രതിസന്ധിയെ അതിജീവിച്ച് നേട്ടത്തിലേക്ക് :ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ലിഖിത നൃത്തം പഠിക്കണമെന്ന തന്‍റെ ആഗ്രഹം മുന്നോട്ടുവച്ചപ്പോൾ ആദ്യം വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. എന്നാൽ മകളുടെ നിശ്ചയദാർഢ്യം കണ്ട് അത്ഭുതപ്പെട്ട ലിഖിതയുടെ അച്ഛൻ ഒടുവിൽ പ്രോത്സാഹനവുമായി മുന്നോട്ടുവരികയായിരുന്നു.
ALSO READ: മധ്യപ്രദേശിൽ രണ്ട് തലകളും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
കുട്ടിക്കാലത്ത് കുച്ചിപ്പുടി അഭ്യസിക്കുന്നതിനിടെ ലിഖിതയുടെ വലത്തെ കണങ്കാലിന് സാരമായി പരിക്കേറ്റിരുന്നു. പരിക്കുകൾ നൃത്തത്തിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചെങ്കിലും വേദനകളെ മറികടന്ന് വീണ്ടും നൃത്തത്തിലേക്ക് തന്നെ തിരിഞ്ഞു. ഇതിനിടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ഒരുപാട് ദൂരം നടന്ന് ട്യൂഷൻ പഠിപ്പിക്കാനും ലിഖിത സമയം കണ്ടെത്തിയിരുന്നു.
കലയെ കൈവിടാതെ ലിഖിത : വിശാഖപട്ടണത്ത് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ലിഖിത, ഹൈദരാബാദിലെ ഒരു സ്വകാര്യ കോളജിൽ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപന ജീവിതത്തിനിടയിലും കലയെ കൈവിടാതെ കൊണ്ടുനടന്നു. ഒടുവിൽ ലോക റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ, ആണികൾ നിരത്തി അതിനുമുകളിൽ നിന്നുകൊണ്ട് കുച്ചിപ്പുടി അഭ്യസിക്കാൻ തുടങ്ങി.
പരിശീലനത്തിന്‍റെ ആദ്യഘട്ടങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ലിഖിത പറയുന്നു. ഭയവും അതുപോലെ തന്നെ കാലിനേറ്റ മുറിവുകളും ഈ കലാകാരിയെ തളർത്തിയില്ല. ഒടുവിൽ മൂന്ന് മാസത്തോളം നീണ്ട പരിശീലനങ്ങൾക്ക് ശേഷം, തന്‍റെ ആത്മവിശ്വാസവും നൃത്താധ്യാപകന്‍റെ പ്രചോദനവും കൊണ്ട് ആ വലിയ സ്വപ്‌നങ്ങൾ കൈയെത്തിപ്പിടിക്കാൻ ലിഖിതയ്ക്ക് കഴിഞ്ഞു. ഭാവിതലമുറയിലേക്കും കുച്ചിപ്പുടി എന്ന അനുഗ്രഹീത കലാരൂപം പകർന്നുനൽകാനാണ് ലിഖിതയുടെ ശ്രമം.