കർണൂൽ :ശനിദോഷം മാറാൻ ക്ഷേത്രങ്ങളിലോ വീടുകളിലോ പൂജ നടത്തുകയെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാൽ നഷ്‌ടപ്പെട്ട ശാന്തിയും സമാധാനവും വീണ്ടെടുക്കാൻ ഒരു പൊലീസ് സ്റ്റേഷനില്‍ പൂജ സംഘടിപ്പിച്ചാലോ. ആന്ധ്രാപ്രദേശ് - കർണൂലിലെ അല്ലഗദ്ദ ടൗൺ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.
സമീപകാലത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതും കൊലപാതകം, ആത്‌മഹത്യകൾ, ബലാത്സംഗങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ വർധിക്കുന്നതിലുമുള്ള വേദനയിലും ഭയത്തിലുമാണ് എസ്ഐയുടെ സാന്നിധ്യത്തിൽ ഞായറാഴ്‌ച സ്റ്റേഷനിൽ ശാന്തി പൂജ നടത്തിയത്.
സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചതും പൊലീസുകാരുടെ ഭയം ഇരട്ടിപ്പിച്ചു. ഇതിനെല്ലാം പരിഹാരമെന്ന വിചിത്ര വിശ്വാസ പ്രകാരമാണ് പൂജ സംഘടിപ്പിച്ചത്. ജനങ്ങളുടെ ഭീതിയകറ്റേണ്ട പൊലീസുകാരാണ് സ്വന്തം പേടിയകറ്റാന്‍ സ്റ്റേഷനിൽ ബ്രാഹ്‌മണനെ എത്തിച്ച് പൂജ നടത്തിയത്.