ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച 'പേസിഎം' പോസ്‌റ്ററുകൾ നഗരത്തിൽ. സംഭവത്തിൽ ബസവരാജ് ബൊമ്മൈ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്‌ചയാണ്(21.09.2022) നഗരത്തിന്‍റെ മധ്യമേഖലയിൽ പേടിഎമ്മിനോട് സാമ്യമുള്ള പരസ്യങ്ങൾ കാണപ്പെട്ടത്.
ഇത്തരം പ്രചരണങ്ങൾ തന്‍റേയും കർണാടകയുടേയും പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം.
ഒരു മൂല്യവുമില്ലാത്തതാണ് ഇത്തരം കുപ്രചരണങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്‌തു. പോസ്‌റ്ററിലെ ക്യുആർ കോഡിന് നടുവിൽ ബൊമ്മൈയുടെ മുഖചിത്രവും ഒപ്പം '40 ശതമാനം ഇവിടെ സ്വീകരിക്കുന്നു' എന്ന സന്ദേശവുമുണ്ട്.
ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കൈക്കൂലി പരാതികൾ നൽകുന്നതിനായി കോൺഗ്രസ് ആരംഭിച്ച 'സർക്കാര' എന്ന വെബ്‌സൈറ്റാണ് തുറക്കുന്നത്. പൊതു കരാർ നൽകുന്നതിലും സർക്കാർ റിക്രൂട്ട്‌മെന്‍റിലും അഴിമതി ആരോപിച്ച് കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ പ്രചരണം നടത്തുന്നതിനിടെയാണ് ഈ പ്രശ്‌നം. പൊതുമരാമത്ത് കരാർ ലഭിക്കുന്നതിന് കരാറുകാർ 40 ശതമാനം കമ്മിഷൻ നൽകണമെന്ന് അടുത്തിടെ കരാറുകാരുടെ സംഘടന സർക്കാരിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
ഇത് സർക്കാർ പൂർണമായും നിഷേധിക്കുകയും ചെയ്‌തിരുന്നു.