ന്യൂഡൽഹി:കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്‌പൂരിലേക്ക് പോകാൻ എത്തിയ കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് പവന്‍ ഖേരയുടെ പേരില്‍ കേസുണ്ടെന്നും അതിനാൽ യാത്രക്ക് അനുമതി നൽകാൻ സാധിക്കില്ല എന്നുമുള്ള വിമാനത്താവള അധികൃതർ നിലപാട് എടുത്തത്. പവൻ ഖേരയുടെ ലഗേജ് പരിശോധിക്കണമെന്നും വിമാന കമ്പനി ആവശ്യപ്പെട്ടു.
അതിനിടെ, പവന്‍ ഖേരയെ ഇറക്കിവിട്ടതിൽ പ്രതിഷേധിച്ച് വിമാനത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും വിമാനത്തിൽ നിന്നു പുറത്തിറങ്ങുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. പ്രതിഷേധം ശക്തമായതോടെ, വിമാനം പുറപ്പെടുന്നത് വൈകി. ഈ സാഹചര്യത്തിൽ, ഡൽഹി-റായ്‌പൂർ വിമാനത്തിലെ യാത്രക്കാരോട് ഇറങ്ങാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്ന് പവൻ ഖേരയെ ഡൽഹി പൊലിസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.