പട്‌ന: ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ മഹാ സംഗമത്തിന് തയ്യാറായി പട്‌ന. ജൂണ്‍ 23ന് നടക്കുന്ന യോഗത്തിന്‍റെ ഒരുക്കങ്ങള്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിട്ടെത്തിയാണ് നിരീക്ഷിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് 17ല്‍ അധികം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, എൻസിപി നേതാവ് ശരദ് പവാർ, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികളില്‍ പ്രമുഖര്‍. കോണ്‍ഗ്രസ് പ്രധാന പങ്കുവഹിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി സഖ്യത്തിന്‍റെ രൂപീകരണത്തില്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുക രാഹുല്‍ ഗാന്ധിയിലാകും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മെയ് 19ന് നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം പിന്നീട് ജൂണ്‍ 12ലേക്ക് മാറ്റുകയായിരുന്നു. കര്‍ണാടക മന്ത്രിസഭയെ കുറിച്ചുള്ള ചര്‍ച്ചകളിലും സത്യപ്രതിജ്ഞയിലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതിനാലാണ് യോഗം നീട്ടിവച്ചത്. രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലായിരുന്നതിനാല്‍ യോഗം വീണ്ടും നീണ്ടു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന മാനിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവച്ചതെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജിതമായ തയ്യാറെടുപ്പുകളാണ് കോണ്‍ഗ്രസ് നടത്തുന്നത്. നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനായുള്ള ഒരുക്കങ്ങള്‍ നിതീഷ് കുമാറിന്‍റെയും ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും മേല്‍നോട്ടത്തില്‍ നടക്കുകയാണ്.