പാട്‌ന (ബിഹാര്‍):ഉപരിപഠനത്തിനായി ഒരു സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കുക എന്നത് ഏതൊരു ആളുടെയും സ്വപ്‌നമാണ്. ഈ സാഹചര്യത്തില്‍ ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ബിഹാര്‍ പാട്‌നയിലെ ഗോണ്‍പുര ഗ്രാമത്തിലെ ഒരു ദിവസ വേതനക്കാരന്‍റെ മകന്‍. പ്രേം കുമാര്‍ എന്ന പതിനേഴുകാരനാണ് ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ അമേരിക്കയിലെ ലഫായെറ്റ് കോളജിന്‍റെ 2.5 കോടിയുടെ ഫെലോഷിപ്പ് ലഭിച്ചത്.
ലോകമെമ്പാടും നിന്നുള്ള ആറ് വിദ്യാര്‍ഥികളാണ് ലഫായെറ്റ് കോളജിലെ ഡയര്‍ ഫെലോഷിപ്പിന് അര്‍ഹരായത്. ലഫായെറ്റ് പറയുന്നതനുസരിച്ച്, ലോകത്തിലെ ഏറ്റവും കഠിനമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ആന്തരിക പ്രചോദനവും പ്രതിബദ്ധതയുമുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ ഫെലോഷിപ്പ് നൽകുന്നത്. ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദളിത് വിദ്യാർഥി കൂടിയാണ് പ്രേം.
ലഫായെറ്റ് സ്‌കോളര്‍ഷിപ്പ്: 1826-ലാണ് ലഫായെറ്റ് കോളജ് സ്ഥാപിതമായത്. അമേരിക്കയിലെ മികച്ച 25 കോളജുകളിൽ സ്ഥിരമായി റാങ്ക് ചെയ്യപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ലഫായെറ്റ് കോളജ്. നിലവില്‍ ശോഷിത് സമാധാന്‍ കേന്ദ്രത്തിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിയായ പ്രേം ബിരുദ പഠനത്തിനായി നാല് വര്‍ഷമായിരിക്കും ലഫായെറ്റ് കോളജില്‍ ചെലവഴിക്കുക.
അമേരിക്കയിലെ പ്രശസ്‌തമായ ലഫായെറ്റ് കോളജിൽ മെക്കാനിക്കൽ എഞ്ചിനീയറിങും ഇന്‍റർനാഷണൽ റിലേഷൻസുമാണ് പ്രേം കുമാര്‍ പഠിക്കുക. പ്രേമിന്‍റെ പഠനകാലത്തേക്കുള്ള മുഴുവന്‍ ചെലവും ഉള്‍പ്പെട്ട തുകയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഫെലോഷിപ്പ്.
അഭിമാന നേട്ടത്തില്‍ പ്രേം കുമാര്‍: സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് പ്രേമും കുടുംബവും. 'എന്‍റെ മാതാപിതാക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് ലഭിച്ചിരിക്കുന്ന ഈ നേട്ടം അവിശ്വസനീയമാണ്. ബിഹാറിലെ മഹാദളിത് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡെക്‌സ്റ്ററിറ്റി ഗ്ലോബൽ സംഘടന കാരണമാണ് എനിക്ക് ഇന്ന് ഈ വിജയം ലഭിച്ചത്', എന്നാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതിന് പിന്നാലെ പ്രേം കുമാറിന്‍റെ പ്രതികരണം.
ഡെക്‌സ്റ്ററിറ്റി ഗ്ലോബൽ സംഘടന:താഴെക്കിടയില്‍ നിന്നും വരുന്നവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ അവസരങ്ങളും, പരിശീലനവും നല്‍കി ഇന്ത്യയ്‌ക്കും ലോകത്തിനുമായി അടുത്ത തലമുറ നേതൃത്വത്തെ സൃഷ്‌ടിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ദേശീയ സംഘടനയാണ് ഡെക്‌സ്റ്ററിറ്റി ഗ്ലോബൽ. 2013 മുതലാണ് ഈ സംഘടന ബിഹാറിലെ മഹാദളിത് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സമുദായത്തില്‍ നിന്നുള്ള വിദ്യാർത്ഥികളിലൂടെ അടുത്ത തലമുറയ്‌ക്ക് നേതൃത്വം സൃഷ്‌ടിക്കുക, അവരെ മികച്ച സർവകലാശാലകളിലേക്ക് അയക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
സംഘടനയുടെ കരിയർ ഡെവലപ്‌മെന്‍റ് പ്രോഗ്രാമായ 'ഡെക്‌സ്റ്ററിറ്റി ടു കോളേജിന്' കീഴിൽ, ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിൽ നിന്ന് വിദ്യാർഥികൾക്ക് ഇതുവരെ 100 കോടിയിലധികം സ്‌കോളർഷിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഡെക്‌സ്റ്ററിറ്റി ഗ്ലോബലിന്‍റെ സ്ഥാപകനും സിഇഒയുമായ ശരദ് സാഗർ അഭിപ്രായപ്പെട്ടു.