ഉദയ്‌പൂർ :യാത്രക്കാരന്‍റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി എയർ ഇന്ത്യ ഫ്ലൈറ്റ്. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് അടിയന്തരമായി വിമാനം താഴെയിറക്കിയത്. വന്‍ അപകടമാണ് ഒഴിവായത്.
പ്രാഥമിക വിവരപ്രകാരം, എയർ ഇന്ത്യ 470 വിമാനത്തിൽ വച്ചാണ് യാത്രക്കാരന്‍റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. താഴെയിറക്കിയ വിമാനം എല്ലാ സാങ്കേതിക പരിശോധനകൾക്കും ശേഷമാണ് ഡൽഹിയിലേക്ക് യാത്ര തിരിച്ചത്. വിമാനം പറക്കുന്നതിനിടെ മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്, യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയതോടെയാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ഡല്‍ഹിക്ക് തിരിച്ചത് വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം :ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉദയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം, പറന്നുയർന്ന് അൽപസമയത്തിനകം തന്നെ യാത്രക്കാരന്‍റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിൽ ആകെ 140 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഉദയ്‌പൂരിലെ ദാബോക്ക് വിമാനത്താവളത്തിലാണ് ഫ്ലൈറ്റ് അടിയന്തര ലാൻഡിങ് നടത്തിയത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് താഴെയിറക്കിയ ശേഷം വിദഗ്‌ധമായ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ഡൽഹിയിലേക്ക് പോവാൻ അനുമതി നൽകിയത്.
ആരോഗ്യനില വഷളായി, അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം :ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിച്ച ഇൻഡിഗോ വിമാനം 61കാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ജോധ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. ജമ്മുകശ്‌മീരിലെ ഹസാരിബാഗ് നിവാസിയായ മിത്ര ബാനോ എന്ന യാത്രക്കാരിയുടെ ആരോഗ്യനിലയാണ് വഷളായത്. വിമാനം താഴെ ഇറക്കി ഇവരെ ജോധ്‌പൂരിലെ ഗോയല്‍ ഹോസ്‌പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് യാത്രക്കാരിയായ മിത്ര ബാനോയ് മരണപ്പെട്ടിരുന്നുവെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.