ന്യൂഡൽഹി: ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആർടിപിസിആർ റിപ്പോർട്ട് ഇല്ലാത്തതിനെ തുടർന്ന് വിമാന അധികൃതർ യുവാവിനെ എയർപ്പോട്ടിൽ തടഞ്ഞുവെച്ചു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ബഹളത്തിൽ കലാശിച്ചത്.
വിസ്താര എയർലൈൻസ് ഡെപ്യൂട്ടി മാനേജർ ദീപക് ചദ്ദയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തർപ്രദേശിലെ രുദ്രാപൂർ സ്വദേശിയായ സൂരജ് പാണ്ഡെ തിങ്കളാഴ്ച അറസ്റ്റിലായത്.
"മുംബൈയിലേക്ക് പോകേണ്ടിയിരുന്ന വിസ്താര യുകെ 933 എന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു യുവാവ്. വിമാന ടിക്കറ്റ് കൗണ്ടറിൽ എത്തിയപ്പോൾ ആർടി പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഇല്ലെന്ന് പറയുകയായിരുന്നു. റിപ്പോർട്ട് ഇല്ലാത്തവർക്ക് വിമാനത്തിൽ കയറാൻ അനുമതിയില്ല. ഇതേ തുടർന്നുണ്ടായ തർക്കമാണ് ബഹളത്തിൽ കലാശിച്ചത്.", ചദ്ദയുടെ പരാതിയിൽ പറയുന്നു.