ഭോപ്പാൽ : വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി. ജൂലൈ 24ന് ഭോപ്പാലിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയ്‌ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കിട്ടിയത്. ഐആർസിടിസി കാറ്ററിങ് ജീവനക്കാരാണ് യാത്രക്കാർക്ക് ഭക്ഷണം വിളമ്പിയത്.
പരാതിയെത്തുടർന്ന് കാറ്ററിങ് ലൈസൻസിക്കെതിരെ റെയിൽവേ നടപടിയെടുത്തു. കോച്ച് നമ്പർ 20171-ലെ സീറ്റ് നമ്പർ 57-ൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് പ്രഭാതഭക്ഷണത്തിനായി വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിനുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് യാത്രക്കാർ ഭക്ഷണത്തിൽ പാറ്റയുള്ള ചിത്രങ്ങൾ പകർത്തുകയും അത് ട്വിറ്ററിൽ പങ്കുവക്കുകയും ചെയ്‌തു.
പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച ഐആർസിടിസി ക്ഷമാപണം നടത്തുകയും യാത്രക്കാരന്‍റെ ഭക്ഷണം മാറ്റി നൽകുകയും ചെയ്‌തു. കൂടാതെ, ഭക്ഷണ സേവന ദാതാവിന് പിഴ ചുമത്തുകയും ഭക്ഷണം പാകം ചെയ്യുന്നിടത്ത് പരിശോധന ശക്തമാക്കുകയും ചെയ്‌തു. ഭക്ഷണം തയ്യാറാക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കൃത്യമായ കീടനിയന്ത്രണ നടപടികൾ ഉറപ്പാക്കാനും ഐആർസിടിസി അധികൃതർ ലൈസൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷണം പാകം ചെയ്യുന്ന ഇടത്ത് ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും ഐആർസിടിസി നിർദേശിച്ചു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലൈസൻസിക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ഭാവിയിൽ ഇത്തരം പരാതികൾ ലഭിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഐആർസിടിസിക്കും ലൈസൻസിക്കും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മോശമാണെന്ന തരത്തില്‍ നിരവധി പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്.