ന്യൂഡൽഹി :പുതിയ ഐടി നിയമം സംബന്ധിച്ച് കേന്ദ്രവുമായുള്ള തർക്കങ്ങൾക്കിടെ ട്വിറ്ററിന് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ഫോർ ഇൻഫർമേഷൻ ആന്‍റ് ടെക്നോളജി സമൻസ് അയച്ചു. ഇതുപ്രകാരം ജൂൺ 18ന് വൈകുന്നേരം നാല് മണിക്ക് പാർലമെന്‍റ് കോംപ്ലക്‌സിൽ ചേരുന്ന പാനലിന് മുന്നിൽ അധികൃതര്‍ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കൂടാതെ സോഷ്യൽ മീഡിയയും ഓൺലൈൻ വാർത്തകളും ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാം എന്നതിനെ കുറിച്ചുള്ള പ്രതികരണവും നൽകണമെന്ന് സമിതി ട്വിറ്ററോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിനായി അടുത്തിടെ കേന്ദ്രം ട്വിറ്ററിന് അന്തിമ അറിയിപ്പ് നൽകിയിരുന്നു.
Read more:ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം
ഐടി മന്ത്രാലയത്തിൽ നിന്ന് ആവർത്തിച്ച് കത്തുകൾ നൽകിയിട്ടും വേണ്ടത്ര വ്യക്തത നൽകുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ സൈബർ നിയമത്തിന്‍റെ ഗ്രൂപ്പ് കോർഡിനേറ്റർ രാകേഷ് മഹേശ്വരി സമന്‍സില്‍ വിശദീകരിക്കുന്നു.
രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്ന് ട്വിറ്റർ പിന്മാറിയതിന് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്ന് പാനൽ അംഗങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അതേസമയം പുതിയ ഐടി നിയമം പാലിക്കുമെന്ന് മന്ത്രാലയത്തിന്‍റെ കത്തുകൾക്ക് മറുപടിയായി ട്വിറ്റർ ഉറപ്പ് നൽകി.