ന്യൂഡൽഹി: പാർലമെന്‍റ് ശൈത്യകാല സമ്മേളനം ആരംഭിച്ചു. വിവാദമായ മൂന്ന് കാർഷിക നിയമം പിൻവലിക്കാനുള്ള ബിൽ (അസാധുവാക്കൽ ബിൽ) അടക്കം 26 ബില്ലുകളാണ് പാർലമെന്‍റിന്‍റെ പരിഗണനക്ക് വരുന്നത്. പാർലമെന്‍റ് സെഷനിലൂടെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് മുൻഗണന നൽകുമെന്ന് യൂണിയൻ ക്യാബിനറ്റിന് ശേഷം അനുരാഗ് താക്കൂർ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാകും ബില്‍ അവതരിപ്പിക്കുക. ഉച്ചയ്ക്ക് ശേഷം ബില്‍ ചർച്ച ചെയ്‌ത് പാസാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസുമായി കൂടിയാലോചിച്ച ശേഷമാണ് കൃഷി മന്ത്രാലയം ബില്ലിന് അന്തിമരൂപം നൽകിയതെന്നാണ് വിവരം. ക്രിപ്‌റ്റോകറൻസി ആന്‍റ് റെഗുലേഷൻ ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബില്ലും പാർലമെന്‍റിന്‍റെ പരിഗണനയിൽ വരും.
ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ലോക്‌സഭയുടെ ബിസിനസ് അഡ്‌വൈസറി കമ്മറ്റി (ബിഎസി) 10.30ന് യോഗം ചേരും. അതേ സമയം രാജ്യസഭയുടെ ഭാഗമായ ബിഎസി യോഗം പത്ത് മണിക്കും ചേരും. തിങ്കളാഴ്‌ച ആരംഭിക്കുന്ന ഇരുസഭകളുടെയും സെഷനുകളിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം രാജ്യസഭ സെഷനിൽ എംപിമാർ പങ്കെടുക്കണമെന്ന് ബിജെപിയും വിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം പാർലമെന്‍റിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം തിങ്കളാഴ്‌ച ചേരുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലാകാർജുന ഖാർഗെ വ്യക്തമാക്കിയിരുന്നു. യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് ഖാർഗെ അറിയിച്ചു. ഡിസംബർ 23നാണ് ശൈത്യ കാല പാർലമെന്‍റ് സെഷൻ അവസാനിക്കുക.
READ MORE:Farm Laws Repeal Bill 2021 : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ നാളെ ലോക്‌സഭയില്‍