ന്യൂഡൽഹി : പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ 4 മുതൽ 22 വരെ നടക്കും. ശീതകാല സമ്മേളനത്തിൽ പരിഷ്‌കരിച്ച ക്രിമിനൽ നിയമങ്ങൾ ഉൾപ്പെടെ നിർണായകമായ 18 ബില്ലുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കും. ലോക്‌സഭ സെക്രട്ടേറിയറ്റ് അവതരിപ്പിക്കേണ്ട 18 ബില്ലുകളും പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷനിയമം (ഐപിസി), ക്രിമിനൽ നടപടി ക്രമം (സിആർപിസി), തെളിവ് നിയമം എന്നിവ പൊളിച്ചെഴുതുന്ന ബില്ലാണ് ഇതിൽ പ്രധാനപ്പെട്ടത്. നിയമങ്ങളുടെ പേര് ഉൾപ്പെടെ മാറുമെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. 1860-ലെ ഇന്ത്യൻ പീനൽ കോഡ് (IPC), 1973-ലെ ക്രിമിനൽ നടപടി ചട്ടം (CrPC), 1872-ലെ ഇന്ത്യൻ തെളിവ് നിയമം എന്നീ നിയമങ്ങളുടെ പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത 2023 (Bharatiya Nyaya Sanhita 2023), ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 (Bharatiya Nagarik Suraksha Sanhita 2023), ഭാരതീയ സാക്ഷ്യ ബിൽ 2023 (Bharatiya Sakshya Bill 2023) എന്നിങ്ങനെ നൽകാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. ഓഗസ്റ്റ് 11ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു.
Also read:ഇനി പുതിയ ഐപിസിയും സിആര്‍പിസിയും തെളിവ് നിയമവും ; ആള്‍ക്കൂട്ട കൊലപാതകത്തിന് വധ ശിക്ഷ , കൂട്ടബലാത്സംഗത്തിന് 20 വര്‍ഷം
പരിഷ്‌കരിച്ച ഈ ബില്ലുകൾ ഇന്ത്യൻ പൗരന്മാർക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനായിരിക്കും. ആരെയും ശിക്ഷിക്കുകയല്ല, മറിച്ച് നീതി നടപ്പാക്കുക എന്നതാണ് ഈ പുതുക്കിയ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങൾ തടയാനുള്ള ബോധം സൃഷ്‌ടിക്കുന്നതിന് ആവശ്യമായ ശിക്ഷ നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ ബില്ല് അവതരിപ്പിക്കവേ പറഞ്ഞിരുന്നു.
ബോയിലേഴ്‌സ് ബിൽ, ദി പ്രൊവിഷണൽ കലക്ഷൻ ഓഫ് ടാക്‌സ് ബിൽ, കേന്ദ്ര ചരക്ക് സേവന നികുതി (രണ്ടാം ഭേദഗതി) ബിൽ, ജമ്മു കശ്‌മീർ പുനഃസംഘടന (ഭേദഗതി) ബിൽ, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഗവൺമെന്‍റ് (ഭേദഗതി) ബിൽ, നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി നിയമങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) രണ്ടാം ഭേദഗതി ബിൽ, കേന്ദ്ര സർവകലാശാല (ഭേദഗതി) ബിൽ, എന്നിവയും പട്ടികപ്പെടുത്തിയ ബില്ലുകളിൽ ഉൾപ്പെടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ബില്ലും പട്ടികയിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് എന്നാണ് സുപ്രീം കോടതി വിധി.
എന്നാൽ, രാജ്യസഭയിൽ അവതരിപ്പിച്ച ബില്ലില്‍ സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി. പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിർദേശിച്ച ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ പാനലിന്‍റെ ശുപാർശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കും. പ്രധാനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷൻ.