ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് മന്ദിരത്തിന് അകത്തും പുറത്തും നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതേ സമയം കളര്‍ സ്‌പ്രേകളുമായി പ്രതിഷേധിച്ച് അറസ്‌റ്റിലായ പ്രതികള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ക്ക് പുറമെ യുഎപിഎ കൂടി ഡല്‍ഹി പൊലീസ് ചുമത്തി (The Delhi Police has registered a case under the stringent Unlawful Activities (Prevention) Act). 2001 ല്‍ പാര്‍ലമെന്‍റിനു നേരെ നടന്ന ആക്രമണത്തിന്‍റെ വാര്‍ഷിക ദിനാചരണ ദിവസം തന്നെ പ്രതികള്‍ പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളില്‍ കടന്ന് കയറി പ്രതിഷേധിച്ചതിനെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്.
ലോക്‌സഭയില്‍ ശൂന്യവേള നടക്കുന്നതിനിടെയാണ് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ എന്നിവര്‍ കളര്‍ സ്‌പ്രേയുമായി സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് അംഗങ്ങളുടെ മധ്യത്തിലേക്ക് എടുത്ത് ചാടിയത്. ഏറെ കുറെ അതേ സമയത്ത് തന്നെയാണ് നീലംദേവി എന്ന് പേരുള്ള യുവതിയും അമോല്‍ ഷിന്‍ഡെ എന്ന യുവാവും മന്ദിരത്തിന് പുറത്ത് കളര്‍ സ്‌പ്രേകളുമായി പ്രതിഷേധിച്ചത്. സംഭവത്തില്‍ നാലുപേരെയും പൊലീസ് ഉടന്‍ തന്നെ പിടികൂടി. ഇവര്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ക്ക് പുറമെ ആണ് യുഎപിഎ കൂടി ഡല്‍ഹി പോലീസ് ചുമത്തിയത്.
സുരക്ഷാ ക്രമീകരണങ്ങള്‍:അതേ സമയം സുരക്ഷയുടെ ഭാഗമായി ഇനിമുതല്‍ എം പിമാരെ പ്രത്യേക ഗേറ്റിലൂടെ മന്ദിരത്തിനകത്ത് പ്രവേശിപ്പിക്കാനാണ് തീരുമാനം. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ഗേറ്റ് സജീകരിക്കാനും തീരുമാനമായി. സന്ദര്‍ശ ഗ്യാലറിയില്‍ ഗ്ലാസ് മറ നിര്‍ബന്ധമാക്കും, സന്ദര്‍ശകര്‍ക്ക് പാസ് അനുവദിക്കുന്നത് താല്‍കാലികമായി നിറുത്തിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഗേറ്റുകളില്‍ ബോഡി സ്‌കാനിങ്ങ് മിഷീനുകള്‍ സ്ഥാപിക്കുകയും ചെയ്യും.