ഡെഹ്റാഡൂണ്‍:ഇക്കഴിഞ്ഞ ഡിസംബര്‍ 13 ന് പാര്‍ലമെന്‍റിനകത്തുണ്ടായ സുരക്ഷാ വീഴ്ച വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അധികമാളുകള്‍ക്കറിയാത്ത സമാന സംഭവം 30 വര്‍ഷം മുന്‍പ് പാര്‍ലമെന്‍റ് മന്ദിരത്തിനകത്ത് നടന്നിരുന്നു. അന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരാണ് പാര്‍ലമെന്‍റിനകത്ത് പ്രതിഷേധിച്ചത്. അതാകട്ടെ ഉത്തരാഖണ്ഡ് സംസ്ഥാനം അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടും. അന്ന് അത്തരമൊരു പ്രതിഷേധത്തിന് മുതിര്‍ന്ന ഉത്തരാ ഖണ്ഡ് സ്വദേശി മോഹന്‍ പതക്ക് ഇടിവി ഭാരതുമായി സംസാരിച്ചു(Meet the youths entered in parliament and shouted slogans near speaker's dais). ഡിസംബര്‍ 13ന് ലോക്‌സഭ സമ്മേളിക്കുന്നതിനിടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് സഭാ തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സ്പ്രേ പ്രയോഗം നടത്തിയവരുടെ നടപടിയെ ഇദ്ദേഹം അപലപിച്ചു.
1994 ആഗസ്റ്റ് 24 നാണ് സമാനമായ സംഭവം പാര്‍ലമെന്‍റില്‍ അരങ്ങേറിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട രണ്ട് പേരാണ് സന്ദര്‍ശക ഗ്യാലറിയില്‍ കടന്നുകയറുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തത്. മോഹന്‍ പതക്, മന്‍മോഹന്‍ തിവാരി എന്നീ വിദ്യാര്‍ത്ഥികളായിരുന്നു അത്. മന്‍മോഹന്‍ തിവാരി മുദ്രാവാക്യം മുഴക്കുകയും മോഹന്‍ പതക് ചേമ്പറിലേക്ക് ചാടിക്കയറുകയുമായിരുന്നു. മന്‍മോഹന്‍ തിവാരി സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ലഘുലേഖകള്‍ വലിച്ചെറിയുകയും ചെയ്തു. ഉത്തരാഖണ്ഡ് എന്ന പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധങ്ങള്‍. രണ്ട് പേരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും തിഹാര്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു.
ഉത്തരാഖണ്ഡ് സംസ്ഥാന പ്രക്ഷോഭത്തിന്‍റെ ഭാഗമായി അന്ന് പാര്‍ലമെന്‍റിനകത്ത് നടന്ന സംഭവങ്ങളെപ്പറ്റി മോഹന്‍ പതക് ഇടിവി ഭാരതിനോട് മനസ്സു തുറന്നു. "ഞാന്‍ അക്കാലത്ത് വിദ്യാര്‍ത്ഥി യൂണിയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് 1994 ആഗസ്റ്റ് 24ന് പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കയറിയത്. സ്പീക്കര്‍ ശിവരാജ് പാട്ടീലിന്‍റെ ഇരിപ്പിടത്തിനരികിലുമെത്തി മുദ്രാവാക്യം മുഴക്കി. 'ഇന്ന് തരണം ഇപ്പോള്‍ തരണം, ഉത്തരാഖണ്ഡ് സംസ്ഥാനം തരണം' എന്നായിരുന്നു മുദ്രാവാക്യം". തികച്ചും അഹിംസാത്മകമായാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ കയ്യില്‍ യാതൊരു തരത്തിലുള്ള ആയുധങ്ങളും ഉണ്ടായിരുന്നില്ല. കളര്‍ സ്പ്രേ പോലെ ഉള്ളവയുമായി പാര്‍ലമെന്‍റില്‍ കടക്കുന്നത് അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.