ന്യൂഡല്‍ഹി:പാര്‍ലമെന്‍റ് മന്ദിരത്തിനകത്തും പുറത്തും നടന്ന ആക്രമണങ്ങളില്‍ ആറ് പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ 5 പേരെ ഇതിനകം അറസ്‌റ്റ് ചെയ്‌ത പോലീസ് ആറാമനുവേണ്ടി വല വിരിക്കുകയും ചെയ്‌തു. ലളിത് ഝാ ആണ് ഒളിവില്‍ പോയ പ്രതിയെന്നും പൊലീസ് പറഞ്ഞു.
ലോക്‌സഭയ്ക്കുള്ളില്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ച സാഗര്‍ ശര്‍മ്മ യുപി സ്വദേശിയാണ്, ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍ കര്‍ണാടക സ്വദേശിയും. മനോരഞ്ജനാണ് ബിജെപി എം പിയില്‍ നിന്ന് പാസ് സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധം നടത്തിയ അമോല്‍ ഷിന്‍ഡേ മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയാണ്, നീലം ദേവി ഹരിയാന സ്വദേശിയും. ഇവര്‍ നാലുപേരെയും പിടികൂടി ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ കൂടി പൊലീസിന് ലഭിച്ചത്.
തുടര്‍ന്നാണ് കേസിലെ അഞ്ചാമനായ വിശാല്‍ ശര്‍മ്മയെന്ന വിക്കി ശര്‍മ്മയെ പൊലീസ് പിടികൂടിയത്. ഈ ആറുപേരും പരസ്‌പരം അറിയുന്നവരാണ്. നാല് വര്‍ഷമായി സൗഹൃത്തിലുള്ള ഇവര്‍ വിക്കിയുടെ ഗുഡ്‌ഗാവിലുള്ള വീട്ടിലാണ് ഒത്തുകൂടിയിരുന്നത്. ഒരു എക്‌സ്പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്ന വിശാല്‍ ആ ജോലി ഉപേക്ഷിച്ച് ഇപ്പോള്‍ ഓട്ടോ റിക്ഷ ഓടിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഒളിവിലുള്ള ആറാമന്‍ ലളിത ഝായെക്കുറിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. പാര്‍ലമെന്‍റിനുള്ളിലും പുറത്തും പ്രതിഷേധങ്ങള്‍ നേരിട്ട് നടത്തിയ നാലുപേരുടെയും മൊബൈല്‍ ഫോണുകള്‍ ലളിത് ഝായുടെ കൈവശമാണുളളത്. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ ലളിത് സ്വന്തം ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. ഇയാളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് ഡല്‍ഹി പൊലീസ്.
അതേ സമയം കഴിഞ്ഞ ദിവസം നടന്ന അനിഷ്‌ട സംഭവങ്ങളില്‍ പ്രധാനമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചു. സുരക്ഷ കര്‍ശനമാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങുകയും ചെയ്‌തു. പ്രതികള്‍ക്കെതിരെ യുഎപിഎ പോലുള്ള കഠിനമായ വകുപ്പുകളാണ് ഡല്‍ഹി പൊലീസ് ചുമത്തിയതെന്നതും ശ്രദ്ധേയമാണ്.