ന്യൂഡല്‍ഹി :പുതിയ പാർലമെന്‍റ് മന്ദിരത്തിലെ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായ നാല് പേരെയും ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി സിറ്റി പൊലീസ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരുന്നത് (Parliament security breach Case). ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ കൂടാതെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. 2001 ലെ പാർലമെന്‍റ് ഭീകരാക്രമണത്തിന്‍റെ വാർഷികദിനത്തിലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തില്‍ ഇന്നലെ (ഡിസംബർ 13) അക്രമം നടന്നത്.
മുഖ്യപ്രതികളായ സാഗർ ശർമ്മ, മനോരഞ്ജൻ ഡി എന്നിവർ സന്ദർശക ഗ്യാലറിയില്‍ നിന്ന് ലോക്‌സഭ ചേംബറിലേക്ക് ചാടുകയായിരുന്നു. അതിനിടെ പ്രതികൾ ഷൂവിനുള്ളില്‍ ഒളിപ്പിച്ചിരുന്ന സ്പ്രേ പ്രയോഗിക്കുകയും ചെയ്‌തു. ഇതോടെ ലോക്‌സഭ മന്ദിരം മുഴുവൻ മഞ്ഞ നിറം നിറഞ്ഞു. എന്നാല്‍ ലോക്‌സഭ ചേംബറിലേക്ക് ചാടിയ രണ്ട് പ്രതികളെയും എംപിമാരും വാച്ച് ആൻഡ് വാർഡ് ജീവനക്കാരും ചേർന്ന് കീഴടക്കി പൊലീസിന് കൈമാറുകയായിരുന്നു. അതിനിടെ ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചിരുന്നു. അതേസമയം, മറ്റ് രണ്ട് പ്രതികളായ അമോൽ ഷിൻഡെ, നീലം ദേവി എന്നിവർ മുദ്രാവാക്യങ്ങളുമായി പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് വിവിധ നിറത്തിലുള്ള സ്പ്രേ പ്രയോഗിച്ചു. ഇവരെയും പൊലീസ് ഉടൻ അറസ്റ്റ് ചെയ്‌ത് നീക്കി.
പാർലമെന്‍റില്‍ എത്തുന്നതിനുമുമ്പ് പ്രതികളെ താമസിപ്പിച്ചിരുന്ന, കൂട്ടാളി വിശാലിനെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയും അക്രമ സംഭവത്തിന്‍റെ പ്രധാന സൂത്രധാരനുമായ ലളിത് ഝാ ഒളിവിലാണ്.