ന്യൂഡല്‍ഹി:പാര്‍ലമെന്‍റ് വര്‍ഷ കാല സമ്മേളനം ഇന്ന് (ജൂലൈ 31) പുനരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രതിപക്ഷ മഹാസഖ്യമായ ഇന്ത്യന്‍ പ്രതിനിധികള്‍ തിരികെയെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും പാര്‍ലമെന്‍റ് സമ്മേളനം പുനരാരംഭിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയില്‍ നടന്ന പാര്‍ലമെന്‍റ് സമ്മേളനം ഏറെ പ്രക്ഷുബ്‌ധമായിരുന്നു.
ബഹളമയമായി പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം:ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമത്തെ തുടര്‍ന്നാണ് പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ ദിവസം പ്രക്ഷുബ്‌ദമായത്. ഡൽഹിയിലെ ഭരണ കക്ഷിയായ എഎപിയുടെ ഗവൺമെന്‍റെ ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (ഭേദഗതി) ബിൽ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്‌തു.
മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും സഭ ബഹളമയമായി. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ആഞ്ഞടിച്ചു. സംഭവത്തിനെതിരെ യാതൊരുവിധ നടപടികളും കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കള്‍ കറുപ്പണിഞ്ഞാണ് അവസാനമായി പാര്‍ലമെന്‍റ് സമ്മേളനത്തിന് എത്തിയിരുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നത് വരെ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നും സഭയില്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിേഷധിച്ച നേതാക്കള്‍ മണിപ്പൂര്‍ വിഷയത്തില്‍ 'മൗനമല്ല, മറുപടിയാണ് വേണ്ടത്' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പാര്‍ലമെന്‍റ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.