ന്യൂഡല്‍ഹി :മണിപ്പൂര്‍ വിഷയം സംബന്ധിച്ച അടിയന്തര പ്രമേയത്തിന് രാജ്യസഭയില്‍ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധന്‍കര്‍ അനുമതി നിഷേധിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായ സാഹചര്യത്തില്‍ അടിയന്തര പ്രമേയം അനുവദിക്കാന്‍ കഴിയില്ലെന്ന് ഉപരാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസം തന്നെ സഭയില്‍ പ്രതിപക്ഷ പ്രതിക്ഷേധമുയര്‍ന്നു. ഇതോടെ രണ്ട് മണിവരെ സഭ നിര്‍ത്തിവച്ചു.
മണിപ്പൂരിലെ കലാപ സ്ഥിതി രൂക്ഷമായിരിക്കെ ഇന്നാണ് പാർലമെന്‍റിലെ വർഷകാല സമ്മേളനം ആരംഭിച്ചത്. കുക്കി സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും പൊതുമധ്യത്തിൽ നഗ്നരാക്കി നടത്തുകയും ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് സമ്മേളനത്തിന്‍റെ തുടക്കം. സഭ നടക്കുന്നതിന് മുൻപായി പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ സംഘർഷത്തിൽ പ്രതികരിക്കുകയും ചെയ്‌തിരുന്നു.
മണിപ്പൂരില്‍ സ്‌ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമം രാജ്യത്തെ ഒന്നാകെയാണ് നാണം കെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിനെ ഇപ്പോൾ സങ്കടവും രോഷവും നിറഞ്ഞ നാടായാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന സംഭവം ലജ്ജാകരം മാത്രമല്ല, നാഗരികതയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ ആൾക്കൂട്ടം കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നരാക്കി റോഡിലൂടെ നടത്തിച്ചതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുക്കി വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയാണ് ഈ അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.