ന്യൂഡല്‍ഹി :ലോക്‌സഭയില്‍ (Lok Sabha) കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ (INDIA) നീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ (Mallikarjun Kharge) നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും ചര്‍ച്ചയും, പ്രധാനമന്ത്രിയുടെ പ്രതികരണവുമാണ് പ്രതിപക്ഷം മുന്നോട്ടുവയ്‌ക്കുന്ന ആവശ്യം.
തന്‍റെ അഹന്ത മാറ്റിവച്ച് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) തയ്യാറാകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഓരോ ദിവസം പിന്നിടുമ്പോഴും ഭയാനകമായ വാര്‍ത്തകളാണ് മണിപ്പൂരില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിലവില്‍ മണിപ്പൂരിലെ സാഹചര്യം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയാകെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രതിപക്ഷ മുന്നണിയിലെ മുഴുവന്‍ പാര്‍ട്ടികളും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ സഭ പ്രക്ഷുബ്‌ധമായിരുന്നു.
'ഇന്ത്യ' മുന്നണിക്കെതിരെ പ്രധാനമന്ത്രി : വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചു. ദിശാബോധം ഇല്ലാതെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.