ന്യൂഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റ് നടപടികൾ ഇന്നും സ്‌തംഭിച്ചു. ഇരുസഭകളും ഉച്ചവരെ നിർത്തിവച്ചു. മറ്റെല്ലാ കാര്യങ്ങളും താത്‌കാലികമായി നിർത്തിവച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി.
ചെയർമാൻ ജഗ്‌ദീപ് ധൻകറും തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാനും തമ്മിലുള്ള വാഗ്‌വാദത്തെ തുടർന്ന് രാജ്യസഭ പിരിഞ്ഞത്. മണിപ്പൂരിലെ സ്ഥിതിഗതികൾ സഭയ്ക്കുള്ളിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് 26 പാർട്ടികളുടെ പ്രതിപക്ഷ സഖ്യം ലോക്‌സഭയിൽ അവിശ്വാസത്തിന് നോട്ടിസ് നൽകി. നോട്ടിസ് അംഗീകരിച്ചെങ്കിലും ചർച്ചയുടെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല.
'സമ്മേളനത്തിന് 10 ദിവസത്തെ ഇടവേളയുണ്ട്. പ്രതിപക്ഷം ചർച്ചയ്‌ക്ക് വരൂ.. പ്രതിപക്ഷം പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നത് തുടരാനാണ് താത്പര്യപ്പെടുന്നത്' -മണിപ്പൂരിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്‍ററി മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പ്രതിപക്ഷത്തിന് മണിപ്പൂരിലേക്ക് പോകണമെങ്കിൽ അവർക്ക് പോകാൻ സ്വാതന്ത്ര്യമുണ്ട്, സർക്കാർ സംവാദത്തിന് തയ്യാറാണ്. ഭൂരിപക്ഷമുണ്ടെങ്കിൽ അവർക്ക് അവിശ്വാസ പ്രമേയത്തിൽ തെളിയിക്കാമെന്നും പ്രഹളാദ് ജോഷി കൂട്ടിച്ചേർത്തു.
പാർലമെന്‍റിൽ കോൺഗ്രസ് ചർച്ചകൾ ആഗ്രഹിക്കുന്നില്ല. പ്രധാനമന്ത്രി മോദിയെ ചോദ്യം ചെയ്യാനേ അവർ ആഗ്രഹിക്കുന്നുള്ളൂ. അവർ ആദ്യം ചർച്ച നടത്തണം, അതിന് ശേഷം മാത്രമേ പ്രധാനമന്ത്രി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ എന്ന് ബിജെപി എംപി ജഗന്നാഥ് സർക്കാർ പറഞ്ഞു.
'ഇന്ത്യ'യുടെ പ്രതിനിധി സംഘം മണിപ്പൂരിലേക്ക് : പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചു... അദ്ദേഹം അത് ചെയ്യുന്നില്ല... ഇന്ത്യ പ്രതിപക്ഷ മുന്നണി എംപിമാരുടെ പ്രതിനിധിസംഘം മണിപ്പൂർ സന്ദർശനത്തിനായി നാളെ പുറപ്പെടും. ഇന്ന് വൈകുന്നേരത്തോടെ ആ നേതാക്കളുടെ പേരുകൾ പുറത്തുവിടും. മണിപ്പൂരിലെ ജനങ്ങളുടെ വേദന മനസിലാക്കുകയാണ് ഈ സംഘത്തിന്‍റെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു.
'റൂൾ 198 പ്രകാരം, ഞങ്ങൾക്ക് അവിശ്വാസ പ്രമേയാവശ്യത്തിന് അംഗീകാരം ലഭിച്ചു. ഈ നിയമം അനുസരിച്ച് മണിപ്പൂരിനെ സംബന്ധിച്ച് ഉടൻ ചർച്ച നടക്കണം. എന്നാൽ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി സർക്കാർ ഒഴിവുകിഴിവുകൾ പറയുകയാണ്' -എന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ഘട്ടത്തിൽ നയപരമായ മാറ്റങ്ങളുമായി ബന്ധപ്പെട്ട ബില്ലുകൾ സർക്കാർ പാസാക്കിയതിനെതിരെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
'ലോക്‌സഭ സ്‌പീക്കർ അവിശ്വാസ പ്രമേയം അംഗീകരിച്ചതിന് ശേഷം പാർലമെന്‍റിൽ ഒരു ബില്ലും അവതരിപ്പിക്കില്ല. എന്നാൽ, ഇപ്പോൾ നിരവധി ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത് നാം കാണുന്നു. ലോക്‌സഭയിൽ ഇപ്പോൾ നിയമനിർമാണ പ്രവർത്തനങ്ങളൊന്നും നടക്കരുതെന്ന് സ്‌പീക്കറോട് അഭ്യർഥിക്കുന്നു. മണിപ്പൂരിലെ ജനങ്ങൾക്ക് പിന്തുണ നൽകാനും ഐക്യദാർഢ്യത്തോടെ നിലകൊള്ളാനും ഇന്ത്യ പ്രതിപക്ഷ മുന്നണിയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിക്കും' -എന്ന് ആം ആദ്‌മി പാർട്ടി എംപി രാഘവ് ചദ്ദ പറഞ്ഞു.
മണിപ്പൂരിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്‌താവന നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം നടത്തുകയാണ്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തില്‍, ജൂലൈ 20ന് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍, ഇരു സഭകളും ആവര്‍ത്തിച്ച് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. മണിപ്പൂരിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.