ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രപതിയായ ശേഷം ദ്രൗപതി മുർമു ആദ്യമായി പാർലമെന്‍റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. സര്‍ക്കാരിന്‍റെ നേട്ടങ്ങളെയും നയ മുൻഗണനകളെയും പ്രധാനമായും ഉയർത്തിക്കാട്ടുന്നതായിരിക്കും മുർമുവിന്‍റെ കന്നി പ്രസംഗം.
രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ഇന്ന് അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കും ധനകാര്യ ബില്ലിനുമുള്ള നന്ദി പ്രമേയത്തിന് അംഗീകാരം തേടുന്നതിനാണ് സർക്കാരിന്‍റെ മുൻഗണന. സംയുക്ത സിറ്റിങ് രാവിലെ 11 മണിക്കാണ്. ബജറ്റ് സമ്മേളനത്തിൽ രണ്ട് ഭാഗങ്ങളിലായി ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സർക്കാരിന്റെ അവസാന സമ്പൂർണ കേന്ദ്രബജറ്റാണ് നാളെ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്‍റെ അഞ്ചാമത്തെ ബജറ്റ് ലോക്‌സഭയിൽ അവതിരിപ്പിക്കും.
പ്രതിപക്ഷം കേന്ദ്രസർക്കാരിനെ ഒട്ടനവധി വിഷയങ്ങളിൽ കുരുക്കുമെന്നാണ് കരുതുന്നത്. അദാനി-ഹിൻഡൻബർഗ് തർക്കവും പൊതുമേഖല ബാങ്കുകളിലും എൽഐസിയിലും ഉണ്ടായേക്കാവുന്ന ആഘാതവും, ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്‍ററിക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നിലെ യുക്തിയും പാര്‍ലമെന്‍റില്‍ ചര്‍ച്ചയായേക്കും. രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സെൻസസ് ആവശ്യപ്പെടുകയും സ്ത്രീ സംവരണ ബില്ലുമൊക്കെ പാർലമെന്‍റിൽ ചൂടേറിയ ചർച്ചയിലേക്ക് നയിച്ചേക്കും.