കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റിനകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധവും പാടില്ല ; പുതിയ വിലക്ക്

പുതിയ നടപടി, പാര്‍ലമെന്‍റിനകത്ത് അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് പരിസരത്ത് പ്രതിഷേധങ്ങളും വിലക്കിയതിന് പിന്നാലെ

പാര്‍ലമെന്‍റ് പുതിയ വിലക്ക്  പാര്‍ലമെന്‍റ് പ്ലക്കാർഡ് പ്രതിഷേധം  പാര്‍ലമെന്‍റ് ലഘുലേഖ വിതരണം വിലക്ക്  പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിന് വിലക്ക്  ലോക്‌സഭ സെക്രട്ടേറിയറ്റ് പുതിയ മാര്‍ഗനിർദേശം  parliament bans distribution of literature  parliament bans placards inside complex  parliament new ban  parliament pamphlets banned  parliament monsoon session  പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം
ഇനി പാര്‍ലമെന്‍റിനകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധവും പാടില്ല; പ്രതിഷേധത്തിനിടെ പുതിയ വിലക്ക്

By

Published : Jul 16, 2022, 10:09 AM IST

ന്യൂഡല്‍ഹി : പാര്‍ലമെന്‍റിനകത്ത് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും ലഘുലേഖകള്‍, വാര്‍ത്താക്കുറിപ്പുകള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും വിലക്ക്. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി. പാര്‍ലമെന്‍റിനകത്ത് 60 ലേറെ വാക്കുകള്‍ക്കും പാര്‍ലമെന്‍റ് പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ക്കും ധര്‍ണകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

'പാര്‍ലമെന്‍റിനകത്ത് സ്‌പീക്കറുടെ മുൻകൂർ അനുമതിയില്ലാതെ അച്ചടിച്ചതോ അല്ലാതെയോ ഉള്ള സാഹിത്യങ്ങളോ ചോദ്യാവലിയോ ലഘുലേഖകളോ പത്രക്കുറിപ്പുകളോ വിതരണം ചെയ്യാൻ പാടില്ല. പാർലമെന്‍റ് ഹൗസ് കോംപ്ലക്‌സിനുള്ളിൽ പ്ലക്കാർഡുകളും കർശനമായി നിരോധിച്ചിട്ടുണ്ട്' - ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പാര്‍ലമെന്‍റ് പരിസരത്ത് പ്രതിഷേധങ്ങള്‍ വിലക്കിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നടപടി.

Read more: പാര്‍ലമെന്‍റില്‍ നിരോധിച്ച വാക്കുകള്‍: കഴുത, അഴിമതി, മുതലക്കണ്ണീര്‍, തെമ്മാടിത്തരം!..

പാര്‍ലമെന്‍റ് പരിസരത്ത് പ്രകടനങ്ങളോ ധർണയോ ഉപവാസമോ മതപരമായ ചടങ്ങുകളോ നടത്താന്‍ പാടില്ലെന്നാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജ്യസഭയുടെ പാര്‍ട്ടി ചീഫ് വിപ്പുമായ ജയറാം രമേശ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വ്യാഴാഴ്‌ച പാര്‍ലമെന്‍റിനകത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടേയും പ്രയോഗങ്ങളുടേയും പട്ടിക ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയിരുന്നു.

അഴിമതി, കാപട്യം, സ്വേച്ഛാധിപതി, അരാജകവാദി, കഴുത, മുതലക്കണ്ണീര്‍, തെമ്മാടിത്തം തുടങ്ങി 60ലേറെ വാക്കുകള്‍ക്കാണ് പാര്‍ലമെന്‍റിനകത്ത് വിലക്കേർപ്പെടുത്തിയത്. ജൂലൈ 18ന് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശമുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയ വാക്കുകള്‍ ഇരു സഭകളിലും ചർച്ചകൾക്കിടയില്‍ ഉപയോഗിച്ചാൽ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.

ABOUT THE AUTHOR

...view details