ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ആം ആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദയുടെയും സ്വപ്‌നതുല്യമായ വിവാഹത്തിലെ ആദ്യ ചിത്രങ്ങൾ പുറത്ത് (Parineeti Chopra Raghav Chadha marriage pictures). രാജസ്ഥാനിലെ ഉദയ്‌പൂരിലെ ലീല പാലസിൽ വച്ച് നടന്ന തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവയ്ക്കാൻ നവ താര ദമ്പതികൾ സോഷ്യൽ മീഡിയയിൽ എത്തി. തിങ്കളാഴ്‌ച രാവിലെയാണ് (സെപ്‌റ്റംബര്‍ 25) പരിനീതിയും രാഘവും തങ്ങളുടെ ഇന്‍സ്‌റ്റഗ്രാം പേജില്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
വിവാഹ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ഹൃദയസ്‌പര്‍ശിയായ ഒരു അടിക്കുറിപ്പും താരദമ്പതികള്‍ കുറിച്ചു. 'ബ്രേക്ക്ഫാസ്‌റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതൽ ഞങ്ങളുടെ ഹൃദയം അറിഞ്ഞു. ഈ ദിവസത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.. ഒടുവിൽ മിസ്‌റ്റർ ആൻഡ് മിസിസ് ആകാൻ സാധിച്ചതിൽ ഭാഗ്യം! ഞങ്ങൾക്ക് പരസ്‌പരം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. നമ്മുടെ എന്നന്നേയ്‌ക്കുമുള്ള ജീവിതം ഇവിടെ ആരംഭിക്കുന്നു.' -ഇപ്രകാരമാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത് (Our Forever Begins Now).
ഐവറി നിറമുള്ള ഷെര്‍വാണിയും അതിന് അനുയോജ്യമായ തലപ്പാവും ധരിച്ച് വളരെ ക്യൂട്ട് ലുക്കിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയില്‍ എത്തിയത്. രാഘവിന്‍റെ അമ്മാവനും ഫാഷന്‍ ഡിസൈനറുമായ പവന്‍ സഛ്‌ദേവയും, പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയും ചേര്‍ന്നാണ് പരിനീതിയുടെ വിവാഹ വസ്‌ത്രം ഡിസൈന്‍ ചെയ്‌തത്.
ഐവറി നിറമുള്ള വിവാഹ ലെഹങ്കയും, മെഹന്ദി ഡിസൈനും, പിങ്ക് നിറമുള്ള വളകളും പരിനീതിയെ കൂടുതല്‍ സുന്ദരിയാക്കി. പരിനീതിയുടെ വെഡ്ഡിങ് ഷാളും വിവാഹ വേദിയിലുണ്ടായിരുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. പരിനീതിയുടെ ഷാളില്‍ സ്വര്‍ണം നിറം കൊണ്ട് രാഘവ് എന്ന് ഹിന്ദിയില്‍ എഴുതിയിരുന്നു. ഇതിന്‍റെ ചിത്രവും താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.