പരീക്ഷ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹി:സാമൂഹിക പദവിയുടെ പേരില്‍ കുട്ടികളെ സമ്മര്‍ദത്തിലാക്കരുതെന്ന് മാതാപിതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പ്രതീക്ഷകളുടെ ഭാരത്തില്‍ നിന്ന് മാറി തങ്ങളുടെ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാരാന്‍ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി. പരീക്ഷ പേ ചര്‍ച്ചയുടെ ആറാം പതിപ്പില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അന്യായമായ രീതികള്‍ ഉപയോഗിച്ച് പരീക്ഷകളെ സമീപിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'കള്ളത്തരം ഒരാളെ ഒന്നോ രണ്ടോ പരീക്ഷകള്‍ വിജയിക്കാന്‍ സഹായിച്ചേക്കാം. എന്നാല്‍ ജീവിതത്തില്‍ എപ്പോഴും അങ്ങനെ ആകില്ല. അതിനാല്‍ കുറുക്കു വഴികള്‍ സ്വീകരിക്കാതിരിക്കുക', അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുടെ കഠിനാധ്വാനം ജീവിതത്തില്‍ അവരെ എപ്പോഴും മുന്നേറാന്‍ സഹായിക്കും. സ്വന്തം കഴിവുകള്‍ വിദ്യാര്‍ഥികള്‍ കുറച്ചു കാണുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചില സമയങ്ങളില്‍ അവരുമേല്‍ ചെലുത്തുന്ന സമ്മര്‍ദം കുട്ടികള്‍ സ്വയം വിശകലനം ചെയ്യണം. കുടുംബാംഗങ്ങള്‍ക്ക് കുട്ടികളുടെ മേല്‍ പ്രതീക്ഷകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അതിന്‍റെ പേരില്‍ അവരെ സമ്മര്‍ദത്തിലാക്കുന്നത് തെറ്റാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന വ്യക്തി കാണികളുടെ ആര്‍പ്പുവിളികള്‍ അവഗണിച്ച് ബോളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പോലെ വിദ്യാര്‍ഥികള്‍ അവരുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷ പേ ചര്‍ച്ച:വിദ്യാര്‍ഥികള്‍ക്കായി ദേശീയ തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് 'പരീക്ഷ പേ ചര്‍ച്ച'. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളില്‍ ഉള്ള പരീക്ഷ പേടിയും ഉത്‌കണ്‌ഠയും അകറ്റാനായി നടത്തുന്ന പരിപാടിയാണ് ഇത്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരെയും മാതാപിതാക്കളെയും ഒന്നിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്.
2018 മുതല്‍ ആരംഭിച്ച പരീക്ഷ പേ ചര്‍ച്ചയുടെ ആറാം പതിപ്പാണ് ഇന്ന് ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്നത്. 38 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പങ്കെടുത്തത്. രജിസ്‌ട്രേഷനില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 15 ലക്ഷം പേരുടെ വര്‍ധനവ് ഉണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
2022 ഡിസംബര്‍ 25 മുതല്‍ 30 വരെയായിരുന്നു രജിസ്‌ട്രേഷന്‍ നടന്നത്. പരീക്ഷയെ എങ്ങനെ നേരിടാം, വിദ്യാര്‍ഥികളിലെ സമ്മര്‍ദം എങ്ങനെ കുറയ്‌ക്കാം തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. 150 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും 51 രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന കേന്ദ്ര മന്ത്രാലയം അറിയിച്ചു.
പരീക്ഷ പേ ചര്‍ച്ചയുടെ ആറാം പതിപ്പ്: ഇത്തവണത്തെ പരീക്ഷ പേ ചര്‍ച്ചയില്‍ 9, 10, 12 എന്നീ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കും. വിദ്യാര്‍ഥികളെ പിന്തുണയ്‌ക്കുന്ന വിഷയത്തില്‍ മാതാപിതാക്കളുമായും അധ്യാപകരുമായും പ്രധാനമന്ത്രിയുടെ തുറന്ന ചര്‍ച്ചയാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത.
പരീക്ഷ പേ ചര്‍ച്ചയുടെ അഞ്ചാം പതിപ്പ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1നായിരുന്നു സംഘടിപ്പിച്ചത്. ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയം തന്നെയായിരുന്നു വേദി.