ഭദ്രാചലം (തെലങ്കാന): വാടക കൊലയാളികളുടെ സഹായത്തോടെ മകനെ കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍. തെലങ്കാനയിലെ ഭദ്രാചലം മെഡിക്കല്‍ കോളനി സ്വദേശികളായ പഗില്ല രാമു (57), സാവിത്രി (55) എന്നിവരെയാണ് പ്രതികള്‍ക്കൊപ്പം പൊലീസ് പിടികൂടിയത്. സെപ്‌റ്റംബര്‍ പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം.
പഗില്ല രാമു, സാവിത്രി ദമ്പതികളുടെ മകന്‍ ദുര്‍ഗപ്രസാദാണ് (35) കൊല്ലപ്പെട്ടത്. സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന മകന്‍റെ ഉപദ്രവത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടിയാണ് ദമ്പതികള്‍ മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി വാടക കൊലയാളികള്‍ക്ക് ഇവര്‍ മൂന്ന് ലക്ഷം രൂപ കൈമാറിയെന്നും ആരോപണമുണ്ട് (Parents Give Rs 3 Lakh Supari To Kill Son).
സംഭവത്തെ കുറിച്ച് പൊലീസ് :സെപ്‌റ്റംബര്‍ ഒന്‍പതിനാണ് കേസിനാസ്‌പദമായ സംഭവം. ദമ്പതികളും ഗുമ്മഡി രാജു (33), ഷെയ്ഖ് അലി പാഷ (32) എന്നീ വാടക കൊലയാളികളും ചേര്‍ന്ന് ദുര്‍ഗ പ്രസാദിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സെപ്‌റ്റംബര്‍ പത്തിന് ഇവര്‍ നാലുപേരും ചേര്‍ന്ന് ദുര്‍ഗപ്രസാദിന്‍റെ മൃതശരീരം ഓട്ടോയില്‍ തുമ്മലനഗർ വനത്തിലെത്തിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് ശേഷം നാല് പ്രതികളും സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.
ആ ദിവസം ഉച്ചയോടെ വനത്തിനുള്ളിലേക്ക് പോയ പ്രദേശവാസികളിലൊരാളാണ് അവിടെ കത്തിക്കരിഞ്ഞ നിലയില്‍ ദുര്‍ഗപ്രസാദിന്‍റെ ശരീരം ആദ്യം കാണുന്നത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചത്. മരിച്ച വ്യക്തിയെ തിരിച്ചറിയുന്നതിനായി പൊലീസ് ഇയാളുടെ ചിത്രം പതിപ്പിച്ച ലഘുലേഖകള്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ വിതരണം ചെയ്‌തിരുന്നു. തുടര്‍ന്ന് മൃതദേഹം തിരിച്ചറിഞ്ഞ ദുര്‍ഗപ്രസാദിന്‍റെ ഭാര്യയാണ് മരിച്ചത് തന്‍റെ ഭര്‍ത്താവാണെന്ന് പൊലീസിനെ അറിയിച്ചത്.
കൊലയ്‌ക്ക് കാരണം മകന്‍റെ മദ്യപാനം :കൊല്ലപ്പെട്ട ദുര്‍ഗപ്രസാദ് സ്ഥിരം മദ്യപിച്ചെത്തി മാതാപിതാക്കളെ ഉപദ്രപിച്ചിരുന്ന ആളാണെന്ന് കേസില്‍ പ്രത്യേക അന്വേഷണ ചുമതലയുണ്ടായിരുന്ന റമ്പച്ചോടവരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മഹേശ്വര റെഡ്ഡി പറഞ്ഞു. ഭാര്യ ഉപേക്ഷിച്ചുപോയ ഇയാള്‍ മാതാവിനും പിതാവിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്യം വാങ്ങുന്നതിനായി വീട് വില്‍ക്കാന്‍ വേണ്ടി ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ദമ്പതികളെ സമ്മര്‍ദത്തിലാക്കിയിരുന്നു.
ദമ്പതികള്‍ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടുകൂടി ഇയാള്‍ അവരെ മര്‍ദിക്കുകയും ചെയ്‌തു. വര്‍ഷങ്ങളോളം ഇത് തുടര്‍ന്ന സാഹചര്യത്തിലാണ് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞത്.
Also Read :Husband killed Wife In Wayanad : ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ; അറസ്റ്റ് ചെയ്‌ത് പൊലീസ്