ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലും അദാനി വിഷയത്തിലും പാർലമെന്‍റില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ എംപിമാർ. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇരു സഭകളും നേരത്തെ പിരിഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ പ്രതിപക്ഷ എംപിമാർ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിജ്ഞാപനം കീറിയെറിഞ്ഞും പ്രതിഷേധിച്ചിരുന്നു. സഭ അന്തസോടെ നടത്തണമെന്ന് പറഞ്ഞാണ് സ്‌പീക്കർ ലോക്‌സഭ പിരിച്ചുവിട്ടത്.
പ്രാദേശിക തലത്തില്‍ കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന ആം ആദ്‌മി പാർട്ടി, ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസ്, മമത ബാനർജിയുടെ തൃണമൂല്‍ കോൺഗ്രസ് എന്നി പാർട്ടികളുടെ എംപിമാരും പ്രതിപക്ഷ പ്രതിഷേധത്തില്‍ ഒപ്പം ചേർന്നിരുന്നു. കോൺഗ്രസ്, ഡിഎംകെ, എസ്‌പി, ജെഡിയു, സിപിഎം, സിപിഐ, ആർജെഡി, നാഷണല്‍ കോൺഫറൻസ്, ശിവസേന എന്നി പാർട്ടികളുടെ എംപിമാരാണ് പാർലമെന്‍റിലും പുറത്തും വൻ പ്രതിഷേധവുമായി രംഗത്തുള്ളത്.
ബഹളത്തിനിടയിൽ ബില്ല്: പ്രതിപക്ഷ എംപിമാർ പ്രതിഷേധം കടുപ്പിച്ചതോടെ രാജ്യസഭ ആരംഭിച്ച് മിനിറ്റുകൾക്കകം വീണ്ടും പിരിയുകയായിരുന്നു. അതേസമയം മുദ്രാവാക്യങ്ങൾക്കും ബഹളത്തിനുമിടയിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ഏകീകൃത ഫണ്ടുമായി ബന്ധപ്പെട്ട ജമ്മു കശ്‌മീർ വിനിയോഗ ബിൽ സഭ പരിഗണിക്കുകയും പാസാക്കുകയും ചെയ്‌തു.
also read:കറുപ്പണിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധമിരമ്പി പാർലമെന്‍റ്
പ്രതിഷേധം ആസൂത്രണം: ഇന്ന് പാർലമെന്‍റിൽ നടന്ന പ്രതിഷേധത്തിന് മുൻപ് സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ നേരത്തെ യോഗം ചേർന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്ത കോൺഗ്രസ് പാർലമെന്‍റി പാർട്ടി യോഗം ചേർന്നത്. അതേസമയം പാർലമെന്‍റിലെ നടപടികൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത കാബിനറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനി വിഷയത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തെ ഒരുവശത്ത് ആക്രമിക്കുമ്പോൾ മുൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ ‘ജനാധിപത്യം അപകടത്തിൽ’ എന്ന പ്രസംഗത്തിനെതിരെയാണ് ബിജെപി മറുവശത്ത് മുറവിളി കൂട്ടുന്നത്. മുൻ വയനാട് എംപിയെ മിർ സഫറിനെപ്പോലൊരു രാജ്യദ്രോഹി എന്നുപോലും വിളിച്ച ബിജെപി നേതാവ് ആഗോള വേദിയിൽ രാജ്യത്തിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധിക്കെതിരെ ആരോപണവും ഉന്നയിച്ചിരുന്നു. കോൺഗ്രസ് പൂർണമായും നിഷേധിച്ച ഈ പ്രസ്‌താവനയിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
also read:രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധം ശക്തം; ഇരുസഭകളും നിർത്തിവച്ചു
മാപ്പ് പറയില്ലെന്ന് രാഹുൽ: ' മോദി ' പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചിടിയായിരുന്നു. കുറ്റാരോപിതനായ പ്രസ്‌തവനയിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം, തന്‍റെ പേര് സവർക്കർ എന്നല്ലെന്നും അതിനാൽ മാപ്പ് പറയില്ലെന്നും വാർത്ത സമ്മേളനത്തില്‍ മറുപടി പറഞ്ഞു.