കേരളം

kerala

ETV Bharat / bharat

സ്വന്തം മരണം വ്യാജമായി ചമയ്‌ക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി; ദുരൂഹത ചുരുളഴിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ

സുഹൃത്തിനെ വിവാഹം ചെയ്യാന്‍ തന്‍റെ രൂപത്തിലും വലിപ്പത്തിലുമുള്ള കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മരിച്ചത് താനെന്ന് വരുത്തി തീര്‍ത്തു. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം ഷിംലയിലേക്ക് കടന്നു. ഒടുക്കം സ്വന്തമായി മെനഞ്ഞ കഥയില്‍ കുടുങ്ങി യുവതി.

സുഹൃത്തിനെ കൊലപ്പെടുത്തി  ദുരൂഹത ചുരുളഴിഞ്ഞതോടെ ജീവപര്യന്തം ശിക്ഷ  കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി  ഹരിയാന വാര്‍ത്തകള്‍  news updates  Panipath woman who faked her own death
സ്വന്തം മരണം വ്യാജമായി ചമക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി

By

Published : Mar 30, 2023, 7:19 AM IST

Updated : Mar 30, 2023, 7:32 AM IST

ഹരിയാന:പാനിപ്പത്തില്‍ കോളജ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്ക് ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാനിപ്പത്ത് കോളജ് വിദ്യാര്‍ഥിയായിരുന്നു ജ്യോതിയ്‌ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കോളജിലെ എന്‍സിസി കേഡറ്റായ സിമ്രാന്‍ വധക്കേസിലാണ് കോടതി വിധി. 2017 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു കേസിനാസ്‌പദമായ സംഭവം.

കൊലപാതകവും പിന്നാലെ ചുരുളഴിഞ്ഞ ദുരൂഹതയും:പാനിപ്പത്തിലെ രണ്ട് കോളജുകളിലായി പഠിച്ചിരുന്ന ജ്യോതിയും കൃഷ്‌ണയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കുടുംബം ഇരുവരുടെയും ബന്ധത്തെ എതിര്‍ത്തു. വീട്ടുകാരുടെ എതിര്‍പ്പ് പ്രശ്‌നമായതിനെ തുടര്‍ന്ന് അതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഇരുവരും മറ്റ് മാര്‍ഗങ്ങളെ കുറിച്ച് ചിന്തിച്ച് തുടങ്ങി.

നിരവധി ക്രൈം സിനിമകള്‍ ഇരുവരും ഒന്നിച്ചിരുന്ന് കണ്ടു. സിനിമകളെ അടിസ്ഥാനമാക്കിയാണ് ജ്യോതിയും കൃഷ്‌ണയും കൊലപാതകം ആസൂത്രണം ചെയ്‌തത്. ഇതിനായി ഏകദേശം ജ്യോതിയുടെ വലിപ്പവും രൂപവുമുള്ള ഒരു പെണ്‍കുട്ടിയ്‌ക്കായി ഇരുവരും തെരച്ചില്‍ ആരംഭിച്ചു.

ഇവരുടെ പരിചയത്തിലുള്ള സിമ്രാന്‍ എന്ന കോളജ് വിദ്യാര്‍ഥിയെ കണ്ടതോടെ തെരച്ചില്‍ നിര്‍ത്തി. തുടര്‍ന്ന് 2017 സെപ്‌റ്റംബര്‍ അഞ്ചിന് ജിടി റോഡിന് സമീപം എന്‍എസ്എസ് ക്യാമ്പുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സിമ്രാനെ അവിടെ എത്തിക്കുകയായിരുന്നു. അവിടെ വച്ച് ലഹരി കലര്‍ത്തിയ ശീതളപാനീയം ജ്യോതി സിമ്രാന് നല്‍കി. പാനീയം കുടിച്ചതോടെ സിമ്രാന്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

അതിനു ശേഷം ജ്യോതിയുടെ വസ്ത്രം എടുത്ത് സിമ്രാനെ ധരിപ്പിക്കുകയും മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്‌തു. മൃതദേഹം തിരിച്ചറിയാനെത്തുന്ന ബന്ധുക്കള്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ വേണ്ടി ജ്യോതിയാണെന്ന് തോന്നിപ്പിക്കുന്ന ഏതാനും ചില രേഖകളും മൃതദേഹത്തിന് സമീപം ഉപേക്ഷിച്ചു. ഇരുവരും ഉദ്ദേശിച്ചത് പോലെ തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹം ജ്യോതിയുടെതാണെന്ന് കണ്ടെത്തി സംസ്‌കരിച്ചു. കൊലപാതകത്തിന് ശേഷം കൃഷ്‌ണയും ജ്യോതിയും ഷിംലയിലേക്ക് കടന്ന് ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസം തുടങ്ങി.

മകളെ കാണാനില്ലെന്ന പരാതിയുമായി പിതാവ്:മൃതദേഹം ജ്യോതിയുടെതെന്ന് തെളിഞ്ഞതോടെ സംസ്‌കാരം കഴിഞ്ഞു. അതേസമയം കോളജില്‍ പോയ മകളെ കാണാനില്ലെന്ന് പറഞ്ഞ് സിമ്രാന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതാണ് കേസില്‍ പ്രധാന വഴിത്തിരിവായത്.

സിമ്രാന് വേണ്ടിയുള്ള അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് ജ്യോതിയുടേതെന്ന് പറഞ്ഞ് കണ്ടെത്തിയ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ പിതാവിന് കാണിച്ച് കൊടുത്തു. ഇതോടെ സിമ്രാന്‍റെ അമ്മ മകളെ തിരിച്ചറിഞ്ഞു. സിമ്രാന്‍ ധരിച്ച കൈയിലെ നീല നിറത്തിലുള്ള നൂലും മുക്കുത്തിയുമാണ് അമ്മയ്‌ക്ക് തിരിച്ചറിയാനായത്. മൃതദേഹം സിമ്രാന്‍റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജ്യോതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അന്വേഷണത്തിനൊടുവില്‍ പൊലീസ് ഷിംലയിലെ ഹോട്ടലിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. വിചാരണക്കിടെ 2020ല്‍ ജയിലില്‍ വച്ച് ടിബി ബാധിച്ച് കൃഷ്‌ണ മരിക്കുകയും തുടര്‍ന്ന് ജ്യോതിയെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്‌തു.

ശിക്ഷ വിധിക്ക് പിന്നാലെ പ്രതികരണവുമായി സിമ്രാന്‍റെ മാതാവ്: കോടതി വിധിക്ക് ശേഷം ഇന്ന് തന്‍റെ മകൾക്ക് നീതി ലഭിച്ചെന്ന് സിമ്രാന്‍റെ അമ്മ ഉഷ ദുബെ പറഞ്ഞു. 'എന്‍റെ മകൾ നിരപരാധിയാണ്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെ കുറിച്ച് അവൾക്ക് ഒന്നും അറിയില്ലായിരുന്നു. എന്‍റെ മകളെ കൊലപ്പെടുത്തിയ ജ്യോതിക്ക് ജീവപര്യന്തം തടവ് ലഭിച്ചതില്‍ ഇന്ന് ഞാൻ ഏറെ സംതൃപ്‌തയാണ്', സിമ്രാന്‍റെ അമ്മ പറഞ്ഞു.

Last Updated : Mar 30, 2023, 7:32 AM IST

ABOUT THE AUTHOR

...view details