ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മു കശ്‌മീരിലെ പല്ലി പഞ്ചായത്തിൽ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ശനിയാഴ്‌പ പഞ്ചായത്തി രാജ് ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇവിടെനിന്നും നാളെ മോദി രാജ്യത്തെ പഞ്ചായത്തുകളെ അഭിസംബോധന ചെയ്യും.
എല്ലാ വർഷവും ഏപ്രിൽ 24 ആണ് പഞ്ചായത്തി രാജ് ദിനമായി ആചരിക്കുന്നത്. ജമ്മു കശ്‌മീരിലെ 30,000ലധികം പഞ്ചായത്തി രാജ് സ്ഥാപന അംഗങ്ങൾ മോദിയുടെ സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തിന്‍റെ മറ്റ് ഭാഗത്ത് നിന്നുള്ള അംഗങ്ങൾ വെർച്വലായും പ്രധാനമന്ത്രിയുടെ സമ്മേളനത്തിൽ പങ്കെടുക്കും. സാംബ ജില്ലയിലാണ് പല്ലി പഞ്ചായത്ത്.
1992ലെ 73-ാമത് ഭരണഘടന ഭേദഗതിയിലൂടെയാണ് രാജ്യത്തെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തി രാജ് നിലവിൽ വരുന്നത്. 1993 ഏപ്രിൽ 24നാണ് പഞ്ചായത്തി രാജ് പ്രാബല്യത്തിൽ വരുന്നത്.
ഈ വർഷത്തെ പഞ്ചായത്തി രാജ് ദിവസത്തിലെ ചടങ്ങുകൾക്ക് ജമ്മുവിലെ പല്ലി പഞ്ചായത്താണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കർഷകർക്കും സർപഞ്ചുമാർക്കും ഗ്രാമത്തലവന്മാർക്കും അവരുടെ വരുമാനവും ഉത്പന്നങ്ങളും മെച്ചപ്പെടുത്താൻ പ്രാപ്‌തരാക്കുന്ന കണ്ടുപിടിത്തങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും.
ഗ്രാമവികസനത്തിനും കർഷകർക്കും ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ, അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനത്തിനായി കർഷകർക്ക് ഉപയോഗിക്കാവുന്ന ആപ്പുകൾ, പർപ്പിൾ വിപ്ലവം എന്നറിയപ്പെടുന്ന ലാവെൻഡർ കൃഷി, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി ആപ്പിൾ ഉത്പദനം വർധിപ്പിക്കുന്നതിനുള്ള ബയോടെക്നോളജി നവീകരണം, കീടനാശിനി തളിക്കുന്നതിനും മാലിന്യ സംസ്‌കരണത്തിനുമായി ഡ്രോൺ സാങ്കേതിക വിദ്യ, ആറ്റോമിക് റേഡിയേഷനിലൂടെ പഴങ്ങളുടെ കാലാവധി വർധിപ്പിക്കുന്നതിനുള്ള വിദ്യ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തും.