ലുധിയാന: വിഭജന കാലത്ത് കുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ സഹോദരനായി പാകിസ്ഥാന്‍ സ്വദേശി സക്കീന ബീബി കാത്തിരുന്നത് നീണ്ട 60 വര്‍ഷങ്ങള്‍. ഇനി ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ സഹോദരനെ ഒടുവില്‍ 67-ാം വയസില്‍ സക്കീന ബീബി പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കണ്ടെത്തി. സഹോദരങ്ങളായ ലുധിയാന ജസ്സോവാല്‍ സ്വദേശി ഗുർമേല്‍ സിങ് ഗ്രേവാലും പാക് സ്വദേശി സക്കീന ബീബിയും ജീവിതത്തിലാദ്യമായി പരസ്‌പരം കാണും.
പാകിസ്ഥാന്‍ യൂട്യൂബറായ നാസിർ ദില്ലോണ്‍ ആണ് സഹോദരങ്ങളുടെ കൂടിക്കാഴ്‌ചയ്ക്ക് കാരണമാകുന്നത്. ഇന്ത്യ-പാക് വിഭജന കാലത്ത് വേര്‍പിരിഞ്ഞ കിഴക്കന്‍ പഞ്ചാബിലെയും പടിഞ്ഞാറന്‍ പഞ്ചാബിലേയും ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായുള്ള പ്രൊജക്റ്റിന്‍റെ ഭാഗമായിരുന്ന നാസിര്‍ ദില്ലോണ്‍ സഹോദരനെ കുറിച്ചുള്ള സക്കീന ബീബിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് കാണാനിടയായ ജസ്സോവാല്‍ ഗ്രാമത്തിലെ സര്‍പഞ്ച് (പഞ്ചായത്ത് പ്രസിഡന്‍റ്) ജഗ്‌തര്‍ സിങ് ആണ് ഗുർമേല്‍ ലുധിയാനയിലുണ്ടെന്ന വിവരം അറിയിച്ചത്.
സഹോദരനെ തേടിയുള്ള സക്കീനയുടെ യാത്ര:ലുധിയാനയിലെ നൂർപുര്‍ ഗ്രാമത്തിലാണ് ഗുര്‍മേല്‍ ജനിച്ചത്. വിഭജന കാലത്ത് ഗുര്‍മേലും അമ്മയും ഒഴികെ ബാക്കി കുടുംബാംഗങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോയി. തുടര്‍ന്ന് ഗുര്‍മേലിന്‍റെ അച്ഛന്‍ അധികൃതരോട് മകനെയും ഭാര്യയേയും പാകിസ്ഥാനിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.