ന്യൂഡല്‍ഹി : പ്രണയത്തിനായി രാജ്യം വിട്ട് ഇന്ത്യയിലെത്തിയ പാകിസ്‌താനി വനിത സീമ ഗുലാം ഹൈദര്‍ ജാമ്യം ലഭിച്ചതോടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി. ന്യൂഡല്‍ഹി സ്വദേശിയായ സച്ചിനുമായി പ്രണയത്തിലായതിനെ തുടര്‍ന്നാണ് സീമ ഇന്ത്യയിലേക്കെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതോടെ ഇവര്‍ ഗ്രേറ്റർ നോയിഡയിലെ റബുപുരയിലുള്ള സച്ചിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു. നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കറാച്ചി സ്വദേശിയായ സീമ ഗുലാം ഹൈദര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്‌ജി വഴിയാണ് ഇന്ത്യന്‍ വംശജനായ സച്ചിനുമായി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു.
അറസ്‌റ്റും ജാമ്യവും :നേപ്പാളില്‍ വച്ചുള്ള വിവാഹത്തിന് ശേഷം ഇരുവരും സ്വദേശങ്ങളിലേക്ക് മടങ്ങി. മെയ് മാസത്തില്‍ സീമ തന്‍റെ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് കടന്ന് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തി. എന്നാല്‍ സംഭവത്തില്‍ സീമയെയും സച്ചിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുകയായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് സീമയ്‌ക്കെതിരെ കുറ്റം ചുമത്തിയതെങ്കില്‍, അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയെന്ന കുറ്റമാണ് സച്ചിനെതിരായി പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സീമയ്‌ക്കും ഭര്‍ത്താവ് സച്ചിനും ഇക്കഴിഞ്ഞ ജൂലൈ ഏഴിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ത്യയിൽ ഒരുമിച്ച് താമസിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് സച്ചിനും സീമയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലേക്ക് എത്തിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളെ കുറിച്ച് സീമ :പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് നേരിട്ട് വിമാനങ്ങളില്ല. നേപ്പാളിലേക്ക് തിരിക്കാന്‍ ആദ്യം ദുബായില്‍ പോകണം. അതുകൊണ്ടാണ് താന്‍ വിമാന മാര്‍ഗം പാകിസ്ഥാനിൽ നിന്ന് ദുബായിലേക്കും അവിടെ നിന്ന് നേപ്പാളിലേക്കുമെത്തിയത്. നേപ്പാളിൽ എത്തിയത് ശരിയായ രേഖകളുമായാണെങ്കിലും ഇന്ത്യയിലേക്ക് വരാനുള്ളവ കൈവശമില്ലായിരുന്നു. അതുകൊണ്ടാണ് നിയമവിരുദ്ധമായി ഇന്ത്യയുടെ അതിർത്തിയിൽ പ്രവേശിച്ച് ഗ്രേറ്റർ നോയിഡയിലെ റബുപുരയിലെത്തിയത്.