അര്‍ണിയ (ജമ്മു കശ്‌മീര്‍) :ജമ്മു കശ്‌മീരിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ (International Border -IB) പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ച് കൊലപ്പെടുത്തി അതിര്‍ത്തി സുരക്ഷ സേന (Border Security Force -BSF). ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിര്‍ത്തിയിലെത്തിയ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷ ഗാര്‍ഡുകള്‍ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ഇന്ന് (ജൂലൈ 31) പുലര്‍ച്ചെ 1.45 ഓടെയായിരുന്നു സംഭവം. അര്‍ണിയ സെക്‌ടറിലെ ജബോവൽ ബോർഡർ ഔട്ട്‌പോസ്റ്റിനടുത്തുള്ള അതിർത്തി വേലി മറികടക്കാന്‍ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരൻ രക്ഷപെടാന്‍ ശ്രമിച്ചതായി സുരക്ഷ സേന വ്യക്തമാക്കി.
'ജൂലൈ 30-നും 31-നും ഇടയ്ക്കുള്ള രാത്രിയിൽ, അർണിയ അതിർത്തി പ്രദേശത്ത് അന്താരാഷ്‌ട്ര അതിർത്തിയിൽ (ഐബി) സംശയാസ്‌പദമായ ചലനം സുരക്ഷ സേന നിരീക്ഷിച്ചു. നുഴഞ്ഞുകയറ്റക്കാരൻ ബിഎസ്എഫ് വേലിക്ക് നേരെ വരുന്നത് നിരീക്ഷിച്ച സൈന്യം അദ്ദേഹത്തെ വധിക്കുകയും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുകയും ചെയ്‌തു' -അതിര്‍ത്തി സുരക്ഷ സേനയുടെ വക്താവ് അറിയിച്ചു.
നേരത്തെയും നുഴഞ്ഞുകയറ്റം : ജമ്മു കശ്‌മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെന്ന് സംശയിക്കുന്നയാളെ സുരക്ഷ സേന ജൂണ്‍ ഒന്നിന് സുരക്ഷ സേന വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പുലർച്ചെ 2.50ന് സാംബ സെക്‌ടറിലെ മാംഗു ചാക് ബോർഡർ ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് പിന്നാലെ സാംബ സെക്‌ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് സേന തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 15ന് ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം നടന്നിരുന്നു. നിയന്ത്രണ രേഖ കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരിയെന്ന് സംശയിക്കുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്‌തു. പാക് അധീന കശ്‌മീരിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരിയാണെന്ന സംശയത്തെ തുടർന്നായിരുന്നു സേനയുടെ നടപടി. കമൽകോട്ട് മേഖലയിൽ നിയന്ത്രണരേഖ കടന്ന് അതിർത്തി വേലിക്ക് സമീപത്തേക്ക് വരികയായിരുന്നു സ്‌ത്രീക്ക് നേരെയാണ് സൈന്യം വെടിയുതിർത്തത്.
നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി :ഏപ്രിൽ മാസത്തിന്‍റെ തുടക്കത്തിലും നിയന്ത്രണ രേഖ മറികടക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം പിടികൂടിയിരുന്നു. ഏപ്രിൽ 9ന് പുലർച്ചെ 2.15നായിരുന്നു സംഭവം. പൂഞ്ചിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. നുഴഞ്ഞുകയറ്റക്കാരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റ് രണ്ട് പെരെ സൈന്യം പിടികൂടുകയും ചെയ്‌തിരുന്നു. ഇവരിൽ നിന്ന് 14 പാക്കറ്റുകളിലായി സൂക്ഷിച്ച ലഹരിമരുന്നും പാകിസ്ഥാനി കറൻസിയും ചില രേഖകളും ഭക്ഷണ സാധനങ്ങളും സൈന്യം കണ്ടെത്തുകയും ചെയ്‌തു.
ഉറിയിലെ കമല്‍കോട്ടില്‍ മൂന്ന് നുഴഞ്ഞുകയറ്റക്കാരെയാണ് സൈന്യം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊലപ്പെടുത്തിയത്. കമൽകോട്ട് സെക്‌ടറിൽ മഡിയൻ നാനാക് പോസ്റ്റിന് സമീപമായിരുന്നു നുഴഞ്ഞുകയറ്റം ഉണ്ടായത്. പ്രദേശത്ത് നുഴഞ്ഞുകയറുകയായിരുന്ന മൂന്ന് പേരെയും സൈന്യവും ബാരാമുള്ള പൊലീസും ചേര്‍ന്ന് വധിച്ചുവെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് അറിയിക്കുകയുണ്ടായി.
ഇവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും സൈന്യം കണ്ടെത്തുകയും ചെയ്‌തിരുന്നു. ജമ്മുവിലെ രജൗരി മേഖലയിലും സമാനമായ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിരുന്നു. രാജ്യത്തെ സമാധാനം തകർക്കാൻ പടിഞ്ഞാറൻ അതിർത്തികളിലൂടെ ശത്രുക്കള്‍ നേരിട്ട് ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് വിഷയത്തിൽ സൈന്യം പ്രതികരിച്ചത്.