പൂഞ്ച് (ജമ്മു കശ്‌മീര്‍):നിയന്ത്രണ രേഖ (എല്‍ഒസി) മറികടക്കാന്‍ ശ്രമിച്ച പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി സൈന്യം. ഞായറാഴ്‌ച പുലര്‍ച്ചെ 2.15 ഓടെ പൂഞ്ച് ജില്ലയിലെ ഷാപൂർ സെക്‌ടറിലെ നിയന്ത്രണ രേഖയിലുണ്ടായ (എൽഒസി) നുഴഞ്ഞുകയറ്റ ശ്രമമാണ് സേന പരാജയപ്പെടുത്തിയത്. സംഭവത്തില്‍ നുഴഞ്ഞുകയറ്റക്കാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്‌തതായി സൈനിക വക്താവ് അറിയിച്ചു.
ശനിയാഴ്‌ച രാത്രിയിലും ഞായറാഴ്‌ച പുലര്‍ച്ചയോടെയും പൂഞ്ചിലെ നിയന്ത്രണരേഖയ്ക്ക് അരികിലെ അതിർത്തി വേലിക്ക് സമീപം ഒരു കൂട്ടം ആളുകളുടെ സംശയകരമായ നീക്കം സൈന്യം കണ്ടെത്തി. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെടുക്കുകയും മറ്റ് രണ്ട് നുഴഞ്ഞുകയറ്റക്കാർ വനമേഖലയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്‌തു. പിന്നീട് ഇവരെ പരിക്കേറ്റ നിലയില്‍ പിടികൂടുകയായിരുന്നുവെന്ന് ആര്‍മി പിആര്‍ഒ ലഫ്‌റ്റനന്‍റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ഏറ്റുമുട്ടലിന് ശേഷം:ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒരു നുഴഞ്ഞുകയറ്റക്കാരന്‍റെ മൃതദേഹം കണ്ടെടുത്തതോടെ നടത്തിയ തെരച്ചിലിലാണ് മറ്റൊരാളെ വനപ്രദേശത്ത് മുറിവേറ്റ നിലയിൽ കണ്ടെത്തുന്നത്. വൈകാതെ മൂന്നാമനും സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു. ഇതുവരെ നടത്തിയ തെരച്ചിലില്‍ ഇവരില്‍ നിന്നായി 14 പാക്കറ്റുകളിലായുള്ള 17 കിലോയോളം ലഹരിമരുന്നും, പാകിസ്ഥാനി കറന്‍സിയും, ചില രേഖകളും, ഭക്ഷണപദാര്‍ഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം തങ്ങള്‍ പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്‌മീരിലെ (പിഒജെകെ) ചഞ്ചൽ ഗ്രാമത്തിലുള്ള മൈദാൻ മൊഹല്ലയിൽ നിന്നുള്ളവരാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവരുടെ പ്രതികരണം.
ഏറ്റുമുട്ടല്‍ മുമ്പും:ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ മിത്രഗാം ഗ്രാമത്തില്‍ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. കരസേനയുടേയും സിആർപിഎഫിന്‍റെയും കശ്‌മീർ സോൺ പൊലീസിന്‍റെയും സംയുക്ത സംഘമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. മിത്രഗാമില്‍ തീവ്രവാദി സാന്നിധ്യമുള്ളതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. ഈ സമയം ഇവിടെ തമ്പടിച്ചിരുന്ന തീവ്രവാദി സംഘം സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായി കശ്‌മീര്‍ പൊലീസും ട്വീറ്റ് ചെയ്‌തിരുന്നു.
ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായ പുല്‍വാമ:ഇതിന് മുമ്പ് ഫെബ്രുവരി 28 നും പുല്‍വാമയില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. കശ്‌മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പുല്‍വാമയിലെ അവന്തിപ്പോര മേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. അതേസമയം ഫെബ്രുവരി 26നാണ് കശ്‌മീരി പണ്ഡിറ്റായ സഞ്ജയ് ശര്‍മയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തുന്നത്. മാര്‍ക്കറ്റിലേക്ക് പോവുന്ന വഴിയായിരുന്നു ശര്‍മയ്‌ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം നിരവധി ഏറ്റുമുട്ടലുകളാണ് പുല്‍വാമയില്‍ ഇതിനോടകം നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു. കുല്‍ഗാം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയ്‌ക്കൊടുവിലായിരുന്നു ഏറ്റുമുട്ടല്‍. മാത്രമല്ല ആക്രമണ പ്രത്യാക്രമണങ്ങള്‍ 18 മണിക്കൂര്‍ നീണ്ടിരുന്നു.