ജയ്‌പൂർ : മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയായിരുന്ന പാകിസ്ഥാൻ സ്വദേശിനി കസ്റ്റഡിയിൽ. രാജസ്ഥാനിലെ ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഗസൽ എന്ന പെണ്‍കുട്ടി പിടിയിലായത്. ജയ്‌പൂരിൽ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഇതിനിടെ സംശയം തോന്നിയ എയർപോർട്ട് സുരക്ഷ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി മൂന്ന് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ച് വരികയാണെന്ന് മനസിലാക്കിയത്.
വെള്ളിയാഴ്‌ചയാണ് പെണ്‍കുട്ടി പാകിസ്ഥാനിലേക്ക് പോകുന്നതിനായി ജയ്‌പൂർ വിമാനത്താവളത്തിൽ എത്തിയത്. രണ്ട് ആണ്‍കുട്ടികളും ഇവരോടൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ എത്തി പെണ്‍കുട്ടി പാകിസ്ഥാനിലേക്കുള്ള വിമാനത്തിന്‍റെ ടിക്കറ്റ് ആവശ്യപ്പെട്ടതോടെയാണ് മൂവരേയും അധികൃതർ ശ്രദ്ധിക്കുന്നത്. തുടർന്ന് കൂടെയുണ്ടായിരുന്ന ആണ്‍കുട്ടികളോട് സുരക്ഷ വിഭാഗം കാര്യങ്ങൾ തിരക്കി.
ഗസൽ വിമാനത്താവളത്തിലേക്കുള്ള വഴി ചോദിച്ചെന്നും, ഇവരോടൊപ്പം പാകിസ്ഥാനിലേക്ക് പോകാനാണ് തങ്ങൾ എത്തിയതെന്നുമാണ് ആണ്‍കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തപ്പോൾ തന്നെ ഭാഷയിൽ നിന്ന് പാകിസ്ഥാനിയാണെന്ന് മനസിലാക്കി. തുടർന്നുള്ള പരിശോധനയിൽ ഇവരുടെ പക്കൽ പാസ്‌പോർട്ടോ വിസയോ ഇല്ലെന്നും അധികൃതർ കണ്ടെത്തി.
തുടർന്ന് പെണ്‍കുട്ടിയെ എയർപോർട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ പാകിസ്ഥാൻ സ്വദേശിനിയാണെന്നും മൂന്ന് വർഷത്തോളമായി സിക്കാറിലെ ശ്രീമധോപൂരിൽ അമ്മായിയോടൊപ്പം താമസിച്ച് വരികയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നൽകി. അമ്മായിയോട് വഴക്കിട്ടതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് പോകാൻ തീരുമാനിച്ചതെന്നും പെണ്‍കുട്ടി അറിയിച്ചു.
അതേസമയം പാകിസ്ഥാനിലേക്ക് എങ്ങനെ പോകണമെന്നോ, ഏത് വിമാനത്തിൽ പോകണമെന്നോ ഉള്ള വിവരം പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നുവെന്ന് എയർപോർട്ട് സ്റ്റേഷൻ ഓഫിസർ ദിഗ്‌പാൽ സിങ് പറഞ്ഞു. എങ്ങനെ യാത്ര ചെയ്യും എന്നതിനെപ്പറ്റി അറിവില്ലാത്തതിനാലാണ് ആണ്‍കുട്ടികളുടെ സഹായം തേടിയത്.