അമൃത്‌സർ : പഞ്ചാബിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം വ്യാഴാഴ്ച അതിർത്തിസുരക്ഷാ സേന പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തി. അജ്‌നാല പൊലീസ് സ്‌റ്റേഷന് കീഴിലുള്ള ബിഒപി ഷാപൂർ പ്രദേശത്താണ് സംഭവം. തുടർന്ന് സൈനികർ ഡ്രോണിന് നേരെ 11 റൗണ്ട് വെടിയുതിർത്തെങ്കിലും വീഴ്‌ത്താനായില്ല. തിരികെ പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.
ALSO READ: 16 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 14 വർഷം തടവ്
ഇതിനുപിന്നാലെ, ഡ്രോൺ വഴി എതെങ്കിലും സ്‌ഫോടകവസ്‌തുക്കൾ പ്രദേശത്ത് നിക്ഷേപിച്ചിട്ടുണ്ടോയെന്ന് സുരക്ഷാസേന പരിശോധിച്ച് വരികയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്ത് വ്യാപകമായി പാകിസ്ഥാൻ ഡ്രോണുകളുടെ നുഴഞ്ഞുകയറ്റം കണ്ടുവരുന്നു.
കൂടാതെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനും പാക് ഡ്രോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യൻ സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
നേരത്തെ ഒക്‌ടോബർ രണ്ടിന് ജമ്മുവിലെ ഫാലിയൻ മണ്ഡലിൽ ഡ്രോൺ വഴി ആയുധം നിക്ഷേപിച്ചതിന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എകെ 47, നൈറ്റ് വിഷൻ ഉപകരണം, മൂന്ന് മാഗസിനുകൾ, വെടിമരുന്ന് എന്നിവയാണ് ഇയാൾ നിക്ഷേപിച്ചത്.